ടി20 ലോകകപ്പ് ആദ്യ റൗണ്ട് ഗ്രൂപ്പ് എ മത്സരത്തിൽ നാല് പന്തിൽ നാല് വിക്കറ്റ് നേടി അയർലണ്ട് ബൗളർ കർടിസ് കാംഫർ. തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റുകൾ നേടുന്ന ലോകത്തിലെ മൂന്നാമത്തെ ബൗളർ എന്ന നേട്ടവും താരം സ്വന്തമാക്കി.
മത്സരത്തിൽ അയർലണ്ട് നെതർലാൻഡിനെ ഏഴ് വിക്കറ്റിനു തോൽപിച്ചു. കാംഫറിന്റെ മികവിലാണ് അയർലണ്ടിന്റെ വിജയം. കാംഫറിന്റെ പ്രകടനത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ് 106 റൺസിനു ഓൾഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അയർലണ്ട് 29 റൺസ് ശേഷിക്കെ വിജയലക്ഷ്യം കണ്ടു.
ഗാരെത്ത് ഡെലാനിയും (44) പോൾ സ്റ്റിർലിംഗു (30 നോട്ടൗട്ട്) മാണ് അയർലണ്ടിന് നിർണായക സംഭാവനകൾ നൽകിയത്.
നേരത്തേ, നെതർലാൻഡ്സ് ഇന്നിംഗ്സിന്റെ പത്താം ഓവറിലാണ് 22-കാരനായ കാംഫർ കോളിൻ ആക്കർമാൻ, റയാൻ ടെൻ ഡോഷെറ്റേ, സ്കോട്ട് എഡ്വേർഡ്സ്, റോലോഫ് വാൻ ഡെർ മെർവ് എന്നിവരെ തുടർച്ചയായ പന്തിൽ പുറത്താക്കിയത്. ആദ്യ ഓവറിൽ 12 റൺസ് വഴങ്ങിയ ശേഷം രണ്ടാം ഓവറിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം.
Also Read: ടി20 ലോകകപ്പിൽ ബാറ്റ് ട്രാക്കിങ് സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ഐസിസി
നെതർലാൻഡ് നിരയിലെ സുപ്പർ താരങ്ങളെ ഉൾപ്പടെ പുറത്താക്കി കൊണ്ടായിരുന്നു കംഫറിന്റെ റെക്കോർഡ് പ്രകടനം. ഓവറിലെ രണ്ടാം പന്തില്‍ ആദ്യം കോളിന്‍ അക്കര്‍മാനെ(11) നീല്‍ റോക്കിന്റെ കൈകളിലെത്തിച്ച കാംഫര്‍ തൊട്ടടുത്ത പന്തില്‍ നെതര്‍ലന്‍ഡിന്റെ സൂപ്പര്‍താരം ടെന്‍ ഡോഷെറ്റെയെ(0) വിക്കറ്റിന് മുന്നില്‍ കുരുക്കി. അടുത്ത പന്തില്‍ സ്കോട്ട് എഡ്വേര്‍ഡ്സിനേയും (0) വിക്കറ്റിന് മുന്നില്‍ കുരുക്കിയ കാംഫർ അഞ്ചാം പന്തില്‍ വാന്‍ ഡെർ മെര്‍വിന്റെ(0) കുറ്റി തെറുപ്പിക്കുകയായിരുന്നു.
കാംഫർ നിറഞ്ഞാടിയപ്പോൾ നെതര്ലാഡ്‌സ് 51ന് രണ്ട് എന്ന നിലയിൽ നിന്നും 51ന് ആറ് എന്ന നിലയിലേക്ക് തകർന്നു. ഒരു വശത്തു വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച മാക്സ് ഓഡോഡ് (51) മാത്രമാണ് നന്നായി കളിച്ചത്.
അയർലൻഡിന് വേണ്ടി കാംഫർ നാലോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടിയപ്പോൾ ഒമ്പത് റൺസ് മാത്രം വിട്ടു കൊടുത്ത് പേസർ മാര്‍ക്ക് അഡയർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
കാംഫറിന് മുൻപ് ടി20യിൽ തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയത് ലസിത് മലിംഗയും റാഷിദ് ഖാനുമാണ്.
The post T20 WC: നാല് പന്തിൽ നാല് വിക്കറ്റ്, ലോക റെക്കോർഡിനൊപ്പം കാംഫർ; അയർലണ്ടിനു ജയം appeared first on Indian Express Malayalam.