തിരുവനന്തപുരം > വെട്ടുകാട് ക്രിസ്തു രാജത്വ തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം. തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആണ് തീരുമാനം. ഗതാഗതമന്ത്രി ആന്റണി രാജുവും യോഗത്തിൽ പങ്കെടുത്തു . ജില്ലാ കലക്ടർ നവജ്യോത് ഖോസയും വിവിധ വകുപ്പ് പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തി.
നവംബർ 12 മുതൽ 21 വരെയാണ് തിരുന്നാൾ. കുർബാനയ്ക്ക് ഒരു സമയം പങ്കെടുക്കുന്നവരുടെ എണ്ണം 400 ആയിരിക്കും. ഒരു ദിവസം 6 കുർബാനകൾ ഉണ്ടാവും. കഴിഞ്ഞ വർഷത്തെ പോലെ വഴിയോരക്കച്ചവടത്തിനും കടൽതീരത്തെ കച്ചവടത്തിനും വിലക്കുണ്ട്. പന്ത്രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി ആയിരിക്കും.
ട്രാഫിക് ക്രമീകരണത്തിന് പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. മെഡിക്കൽ ടീമിന്റെ സാന്നിധ്യവുമുണ്ടാകും. ആവശ്യമുള്ള ഇടങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയിരിക്കും. വളണ്ടിയർമാർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. വിശ്വാസികളും കോവിഡ് വാക്സിൻ എടുക്കണം. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചാകും ക്രമീകരണങ്ങൾ.