സുധീരനെ ഒപ്പം നിർത്തി പാർട്ടിയെ നയിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടോ എന്ന ചോദ്യത്തിനാണ് കെപിസിസി പ്രസിഡൻ്റിൻ്റെ ഭാഗത്ത് നിന്നും രൂക്ഷമായ പ്രതികരണം ഉണ്ടായത്. “വി എം സുധീരനെ പോയി കണ്ട് വിവരങ്ങൾ ചർച്ച ചെയ്തു. തെറ്റ് സംഭവിച്ചെങ്കിൽ ക്ഷമയും ചോദിച്ചു. അത്രയേ ഞാൻ പടിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്ത് പോയിട്ടില്ല. പാർട്ടിയിൽ തന്നെയുണ്ട്” – എന്നും സുധാകരൻ പറഞ്ഞു.
ഭാരവാഹി പട്ടിക സംബന്ധിച്ച് കോൺഗ്രസിൽ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടൽ നികത്തി കൈത്തോട് നിർമ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചത്. എല്ലാ പാർട്ടികളിലും ഗ്രൂപ്പുകളുണ്ട്. മഹാത്‌മ ഗാന്ധിജിയുടെ കാലത്തും ഗ്രൂപ്പുണ്ടായിരുന്നു. കോൺഗ്രസിൽ ഗ്രൂപ്പ് അനിവാര്യമാണെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.
കോൺഗ്രസിൻ്റെ ഏറ്റവും വലിയ ഭംഗിയും ഗ്രൂപ്പാണ്. കോൺഗ്രസ് പുതിയ ഉണർവിലേക്ക് പോയിരിക്കുന്നു. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് അനുകൂല കൊടുങ്കാറ്റടിക്കുകയാണ്. ഉത്തർപ്രദേശിൽ ഇത് പ്രതിഫലിക്കുമെന്നും സുധാകരൻ പറഞ്ഞു.
സർക്കാരിൻ്റെ പിടിപ്പുകേടിൻ്റെ ഫലമാണ് സംസ്ഥാനത്തെ കുട്ടികൾ ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ വിഷമിക്കുന്ന അവസ്ഥ. നൂറ് ശതമാനം വിജയമുണ്ടായത് പരീക്ഷ ഫലപ്രദമായി നടത്താത്ത് മൂലമാണ്. നൂറ് ശതമാനം വിജയമുണ്ടായത് മൂലമുണ്ടായ പ്രശ്നം മുൻകൂട്ടി കാണുന്നതിലും പരിഹരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. പാകപ്പിഴകൾ ഉണ്ടെങ്കിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുമായി പൂർണമായും സഹകരിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
കെപിസിസി പുനഃസംഘടനയില്‍ കെ സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിനെ അതൃപ്തിയറിയിക്കാന്‍ മുതിർന്ന നേതാക്കൾ നീക്കം ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഹൈക്കമാൻഡിനെ അതൃപ്തി അറിയിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കെസി വേണുഗോപാൽ പട്ടികയിൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നെന്നാണ് നേതാക്കളുടെ ആരോപണം. പദവി ദുരുപയോഗം ചെയ്ത് പുനഃസംഘടനയില്‍ അനര്‍ഹമായ ഇടപെടല്‍ നടത്തുന്നുവെന്നാണ് നേതാക്കളുടെ പരാതിയെന്നാണ് റിപ്പോർട്ട് പറയുന്നത്.