ദുബായ്: 2021ലെ ടി20 ലോകകപ്പിൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് സമാനതകളില്ലാത്ത അനുഭവം നൽകുന്നതിനായി, ക്രിക്കറ്റിൽ ആദ്യമായി ബാറ്റ് ട്രാക്കിങ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി).
ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി, ആരാധകർക്ക് കളിക്കാരുടെ ബാറ്റിന്റെ ചലനങ്ങളും ബാറ്റ് ട്രാക്കിങ്ങിലൂടെ കാണാൻ സാധിക്കും. തിരഞ്ഞെടുത്ത മത്സരങ്ങളിൽ ഹോക്ക്-ഐ വഴിയാണ് ഇത് സാധ്യമാവുക. ഹോക്ക്-ഐയുടെ ബോൾ ട്രാക്കിങ്, എഡ്ജ് ഡിറ്റക്ഷൻ സേവനങ്ങൾക്ക് പുറമെയാണ് ഇപ്പോൾ ബാറ്റ് ട്രക്കിങും വരുന്നത്. കേബിളുകളിൽ ഘടിപ്പിച്ച സ്പൈഡർക്യാമറകളും മറ്റ് സവിശേഷതകളുടെയും സഹായത്താൽ പ്രേക്ഷകർക്ക് ബാറ്റ് ട്രക്കിങും ആസ്വദിക്കാനാകും.
4ഡി റിപ്ലേയിൽ നിന്നുള്ള അതിശയകരമായ മൾട്ടി-ആംഗിൾ “സ്പിൻ റൗണ്ട്” റീപ്ലേകളും സൂപ്പർ 12 ഘട്ടത്തിലെ തിരഞ്ഞെടുത്ത മത്സരങ്ങളിൽ ലഭ്യമാകും.
ലോകകപ്പിന്റെ ഓരോ മത്സരങ്ങളും 35 ക്യാമറകൾ വെച്ചാണ് ഐസിസിയുടെ ടെലിവിഷൻ പ്രൊഡക്ഷൻ ടീം പകർത്തുക. ലൈവ് പ്ലെയർ ട്രാക്കിംഗും ക്വിഡിച്ച് ട്രാക്കർ നൽകുന്ന ചലനാത്മക ഫീൽഡ് പ്ലോട്ടും ഉൾപ്പെടുന്ന അത്യാധുനിക കവറേജാണ് പ്രേക്ഷകർക്ക് ലഭിക്കുക.
Also Read: ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ അദ്ദേഹം രക്ഷകനായി എത്തി; മുന്‍താരത്തെക്കുറിച്ച് ഹാര്‍ദിക്ക്
ഇതിനോടകം തന്നെ ചില മുൻ ക്രിക്കറ്റ് താരങ്ങൾ പുതിയ സാങ്കേതിക വിദ്യകളിൽ മത്സരം കാണുനകുന്നതിന്റെ ആവേശം പ്രകടിപ്പിക്കുന്നുണ്ട്. മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ ഉൾപ്പടെയുള്ളവർ ആവേശം പങ്കുവെച്ചിരുന്നു. ലോകത്തെ മികച്ച താരങ്ങൾ മാറ്റുരയ്ക്കുന്ന ഒരു വലിയ ടൂർണമെന്റ് ആയിരിക്കും ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.
മുൻനിര ടീമുകളെ കാണാൻ മാത്രമല്ല, ടി20യിൽ തങ്ങളുടെ അവസരങ്ങൾ വളർത്തിയെടുക്കുന്ന ടീമുകളെ കാണാനും അവസരം ലഭിക്കുന്നു. ടൂർണമെന്റ് ആരംഭിക്കുന്നതിനായി അക്ഷമനായി കാത്തിരിക്കുകയാണെന്നും മുൻ ഇംഗ്ലണ്ട് നായകൻ പറഞ്ഞു.
The post ടി20 ലോകകപ്പിൽ ബാറ്റ് ട്രാക്കിങ് സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ഐസിസി appeared first on Indian Express Malayalam.