മുണ്ടക്കയം: ആ കാഴ്ച ഹൃദയഭേദകമായിരുന്നു.കാവാലി സെന്റ് മേരീസ് പള്ളിയുടെ നടുത്തളത്തിൽ അലങ്കരിച്ച പെട്ടികളിൽ അന്ത്യയാത്രയ്ക്കൊരുങ്ങി ആറ് മൃതദേഹങ്ങൾ.ഉരുൾ കവർന്നെടുത്ത കാവാലി മാർട്ടിൻ, അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്നേഹ, സോന, സാന്ദ്ര.
ഉണ്ടുറങ്ങിയ വീട് പോലും ഉരുൾ തകർത്തെറിഞ്ഞു. അന്ത്യയാത്രയ്ക്കായി എത്തിക്കാൻ വീട് പോലും ബാക്കിയുണ്ടായില്ല. അതിനാൽ മൃതദേഹങ്ങൾ നേരെ പള്ളിയിലേക്കാണ് ആദ്യം എത്തിച്ചത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. വിടനൽകാൻ കാത്തുനിന്ന ബന്ധുക്കൾ വിങ്ങിപ്പൊട്ടി. പാലക്കാടുള്ള ബന്ധുക്കൾ എത്തിയ ശേഷമാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്.
ആറുപേരെയും യാത്രയാക്കാൻ നാട്ടുകാർ കാവാലി പള്ളിയിലേക്ക് എത്തി. പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം കല്ലറയിൽ അടക്കം ചെയ്തു. ഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കലഹിച്ചും പ്രണയിച്ചുമൊക്കെ ജീവിച്ച ആ ആറുപേരും ഇനിയും ഒന്നിച്ചുറങ്ങും.ആറുപേരുടെയും മൃതദേഹങ്ങൾ രണ്ട് കല്ലറകളിലായാണ് അടക്കിയത്.
കാവാലി സെന്റ് മേരീസ് പള്ളിയും വിശ്വാസികളും ഇത്ര ഹൃദയവേദനയോടെ ഒരു സംസ്കാര ചടങ്ങിനും ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ല.
ശനിയാഴ്ച ഉച്ചയോടെയാണ് മാർട്ടിനും കുടുംബവും അപകടത്തിൽപെടുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാലം തെറ്റി കലിതുള്ളി പെയ്ത മഴയും അതേതുടർന്നുണ്ടായ ഉരുൾപൊട്ടലിലും ഒലിച്ചുപോയത് ഒരു കുടുംബം ഒന്നാകെയാണ്. മാർട്ടിന്റെ മൂന്നുമക്കളും തമ്മിൽ രണ്ട് വയസിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. അതിനാൽ തന്നെ മൂവരും തമ്മിൽ നല്ല കൂട്ടായിരുന്നു. ഊണും ഉറക്കവും കളിയുമെല്ലാം ഒരുമിച്ച്. മരണത്തിലും ഇവരെ വേർപിരിക്കാനായില്ല എന്നത് ബന്ധുക്കൾക്കും നാടിനും മരണത്തോളം വേദനയായി.
മാർട്ടിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കാവാലി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്കായി എത്തിച്ചപ്പോൾ |ഫോട്ടോ:ജി.ശിവപ്രസാദ്
പോസ്റ്റ്മോർട്ടത്തിന് ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം സംസ്കാര ശുശ്രൂഷകൾക്കായി നേരെ ദേവാലയത്തിലേക്ക് എത്തിക്കുകയായിരുന്നു.വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് എടുക്കാറുള്ളത്. ഉരുൾപൊട്ടലിൽ വീടൊന്നാകെ ഒലിച്ചുപോയതിനാൽ അവസാന യാത്രയ്ക്കായി മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിക്കാനുമായില്ല.
Content Highlight: Koottickal landslide: Funeral of family of 6 killed in Koottickal