കാലടി > സാമൂഹിക നീതിക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു ബദല്‍ വൈജ്ഞാനിക സമൂഹമാക്കി കേരളത്തെ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി ഡോ. ആര് ബിന്ദു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും മികച്ച രീതിയിലും ഭാവനാത്മകവുമായും സജ്ജീകരിച്ചിട്ടുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, റെക്കോഡിങ് സ്റ്റുഡിയോ, ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍, കനകധാര മ്യൂസിയം എന്നിവ നിര്‍മിച്ചതിന് സര്‍വകലാശാല നേതൃത്വത്തെ അഭിനന്ദിക്കുകയാണെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു.
വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറുന്ന സര്‍വകലാശാലയില്‍ ഏറ്റവും ആധുനിക രീതിയിലാണ് ഓഡിറ്റോറിയവും സ്റ്റുഡിയോയും ഒരുക്കിയിട്ടുള്ളത്. നവയുവാക്കളുടെ ആശയങ്ങളെ അടവച്ച് വിരിയിച്ച് കേരളത്തിലെ സ്വയം സംരംഭകത്വത്തിന് ആക്കം കൂട്ടാന്‍ സംസ്കൃത സര്‍വകലാശാലയില്‍ തയ്യാറാക്കിയതു പോലെയുള്ള ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് കഴിയും. സമൂഹത്തിന്റെ ഗതകാലാനുഭവങ്ങള്‍ സ്വാംശീകരിച്ച് ഭാവിതലമുറയ്ക്ക് കൈമാറാന്‍ പ്രാപ്തമാണ് സര്‍വകലാശാലയിലെ “കനകധാര’ മ്യൂസിയം. ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചതു കൊണ്ട് ഏതു സാഹചര്യത്തിലും ജലലഭ്യത ഉറപ്പു വരുത്താന്‍ കഴിയും. പുതിയ വൈദഗ്ദ്യങ്ങളിലേക്കും തൊഴില്‍ മേഖലകളിലേക്കും വാതായനങ്ങള്‍ തുറക്കാന്‍ എം എ മ്യൂസിയോളജി കോഴ്സിനു കഴിയുമെന്ന് എം എ മ്യൂസിയോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. ‘സമ്പൂര്‍ണ ഡിജിറ്റല്‍ അധ്യയനത്തിലേക്ക് മാറിയ സര്‍വകലാശാലയാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ‘ എന്ന പ്രഖ്യാപനവും മന്ത്രി നടത്തി. കേരളത്തിന്റെ സമ്പദ്ഘടനയുടെ വികസനത്തിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പോലുള്ള സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉത്പാദിപ്പിക്കുന്ന അറിവ് ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ ലോകത്തിനു മുന്നില്‍ മറ്റൊരു മാതൃക കൂടി സ്ഥാപിക്കാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സര്‍വകലാശാല ജീവനക്കാരുടെ സംഭാവനയായ 11,66,874/- രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍വകലാശാലയ്ക്ക് വേണ്ടി വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് മന്ത്രിക്ക് കൈമാറി.
വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷനായി. പ്രോ – വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രവികുമാര്‍ സ്വാഗതം പറഞ്ഞു. സിന്‍ഡിക്കേറ്റംഗം ഡോ. പി ശിവദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ഡി സലിം കുമാര്‍, പ്രൊഫ. എസ് മോഹന്‍ദാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രജിസ്ട്രാർ ഡോ. എം ബി ഗോപാലകൃഷ്ണന് നന്ദി പറഞ്ഞു.