കൂട്ടിക്കൽ > കൂട്ടിക്കൽ കാവാലിയിൽ ഉരൂൾപൊട്ടലിൽ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ ആറ് പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഒട്ടലാങ്കൽ വട്ടാളക്കുന്നേൽ മാർട്ടിൻ (48), അമ്മ ക്ലാരമ്മ (65), ഭാര്യ സിനി (45), മക്കളായ സ്നേഹ (14), സോന(12), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയിൽ 2 കല്ലറകളിലായി സംസ്കരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കാവാലിയിൽ ഉരൂൾപൊട്ടിയത്. മഴ കനത്തതോടെ അപകടസാധ്യത തിരിച്ചറിഞ്ഞ് ക്യാമ്പിലേക്ക് മാറാൻ കുടുംബം ഒരുങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ക്ലാരമ്മ, സിനി,സോന എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ചയും മാർട്ടിൻ, സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ഞാറായ്ചയുമാണ് കണ്ടെടുത്തത്.
ഉരൂൾപൊട്ടലിൽ ഇവരുടെ വീട് പൂർണമായി തകർന്നതിനാൽ പള്ളിയിലായിരുന്നു പൊതുദർശനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12.30 തോടെയാണ് പള്ളിയിൽ എത്തിച്ചത്. സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ വി എൻ വാസവൻ, കെ രാധാകൃഷ്ണൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.