“ശൂന്യാവസ്ഥയിൽ നിന്ന് എന്ത് പറയണമെന്ന് അറിയില്ല. ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം. ഇത്രയും നാളത്തെ കഷ്ടപ്പാടുകളായിരുന്നു ആ ഒലിച്ചു പോയത്. ഉടുത്ത വസ്ത്രമല്ലാതെ ഒന്നും എടുത്തിട്ടില്ല. വീട് സുരക്ഷിതമാണെന്ന് വിചാരിച്ചത് കൊണ്ട് അയൽക്കാരടക്കം 25ഓളം പേർ വീട്ടിൽ ഉണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് ഇറക്കി വാതിൽ പൂട്ടി പുറത്തിറങ്ങി അരമണിക്കൂറിനകം വീട് പോയി. ദൈവം തമ്പുരാന്റെ കാരുണ്യം കൊണ്ടായിക്കും, ജീവൻ തിരിച്ചു കിട്ടിയല്ലോ. ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം…”,സുരക്ഷിതമെന്ന് വിശ്വസിക്കുന്ന വീട് കൺമുമ്പിൽ അപ്രത്യക്ഷമായതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല, മുണ്ടക്കയത്തെ ജെബിന്റെ ഭാര്യ പുഷ്പയ്ക്ക്.
മലവെള്ളപ്പാച്ചിലിൽ തകർന്നുവീഴുന്ന വീട്
ഇന്നലെ സോഷ്യൽ മീഡിയയിലും മറ്റുമാധ്യമങ്ങളിലുംഏറെ നൊമ്പരമായി മാറിയതാണ് കോട്ടയം മുണ്ടക്കയത്ത് ഇരുനിലവീട് ഒന്നടങ്കം മണിമലയാറിലേക്ക് ഇടിഞ്ഞുവീണ് ഒഴുകിപ്പോകുന്ന ദൃശ്യം.മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ കല്ലേപ്പാലം കൊല്ലപ്പറമ്പിൽ ജെബിന്റെ വീടാണ് ശക്തമായ മഴയിൽ മണിമലയാറിലേക്ക് ഒന്നടങ്കം ഇടിഞ്ഞു വീണത്. 27 വർഷത്തെ കഷ്ടപ്പാടിൽ കെട്ടിപ്പടുക്കിയ വീടായിരുന്നു ഒറ്റ നിമിഷം കൊണ്ട് കൺമുന്നിൽനിന്ന് മറഞ്ഞുപോയത്.
27 വർഷം വണ്ടി ഓടിച്ചു കിട്ടിയതുകൊണ്ട് ഉണ്ടാക്കിയതാണ് ഒറ്റ നിമിഷം കൊണ്ട് ഒലിച്ചു പോയത്. കടവും ലോണും ഒക്കെ ആയിട്ടാണ് വീടുവെച്ചത്. എല്ലാം ഒലിച്ചു പോയി. ഇട്ടിരിക്കുന്ന ഒരു മുണ്ടും ഷർട്ടും മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. എല്ലാം ഇനി ഒന്നിൽ നിന്ന് തുടങ്ങണം. വണ്ടി ഓടിച്ചു ജീവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്നും എടുത്ത് മാറ്റാൻ പറ്റിയില്ല, റേഷൻ കാർഡ് ആധാർ കാർഡ് അടക്കം എല്ലാം ഒലിച്ചു പോയി ,നിസ്സഹായനായി ജെബി പറയുന്നു.
സംഭവ സമയത്ത് വാഹനം ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു ജെബി. വീട്ടിൽ ഭാര്യയും മക്കളുമായിരുന്നു ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ് എത്തിയപ്പോഴേക്കും തന്റെ 27 വർഷത്തെ സമ്പാദ്യമെല്ലാം ഒലിച്ചുപോയിരുന്നു.
ശൂന്യാവസ്ഥയിൽ നിന്ന് എന്ത് പറയണമെന്ന് ഞങ്ങൾക്ക് അറിയില്ല. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി ഒന്നിൽ നിന്ന് തുടങ്ങണം. ജീവൻ തിരിച്ചു കിട്ടിയല്ലോ, അതുതന്നെ ഭാഗ്യം. വീട്ടിൽ നിന്ന് ഒന്നും എടുത്തില്ല, ഉടുത്തിരിക്കുന്ന വസ്ത്രം മാത്രമാണ് ഇപ്പോൾ ആകെ കൈയിലുള്ളത്,ജെബിയുടെ ഭാര്യ പുഷ്പ പറയുന്നു.
മഴ ശക്തമായതിനെത്തുടർന്ന് തൊട്ടടുത്തുള്ള വീട്ടുകാരൊക്കെ ജെബിയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷിതമെന്ന് കരുതിയാണ് അവരൊക്കെ വീട്ടിൽ വന്നത്. പെട്ടെന്ന് പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടതുകൊണ്ട് എല്ലാവരെയും പുറത്തിറക്കി വാതിൽ പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. പുറത്തിറങ്ങി അരമണിക്കൂറിന് ശേഷം വീട് വെള്ളത്തിലേക്ക് ഒലിച്ചു പോയി. ഇന്നുവരെ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. വെള്ളം കയറുമെന്ന് അറിയില്ലായിരുന്നു. വെള്ളം കയറുമെന്ന് മനസ്സിലാക്കിപുറത്തിറങ്ങിയതുമല്ല. എന്നാൽ, പുറത്തിറങ്ങിയപ്പോഴാണ് ഇതൊക്കെ സംഭവിച്ചതെന്ന് പുഷ്പ പറയുന്നു.
വീട് ഇടിയുമെന്ന് അറിയത്തില്ലല്ലോ, നല്ലൊരു വീടല്ലെ? അതിന് ചലനം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വീട് സുരക്ഷിതമാണെന്ന് കരുതിയാണ് അയൽക്കാരൊക്കെ വീട്ടിൽ വന്ന് നിന്നത്. ദൈവനിശ്ചയം എന്ന് പറയാം, ജീവൻ തിരിച്ചു കിട്ടിയല്ലോ. ഇനി ജീവിതം എങ്ങനെയാണെന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ,പുഷ്പയുടെ വാക്കുകളിലെ ആശങ്ക ഇനിയും ഒഴിഞ്ഞിട്ടില്ല.
ജെബി
പണവും രേഖകളും അടക്കമാണ് വെള്ളത്തിൽ ഒലിച്ചു പോയത്. കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത പൈസയും മകളുടെ സ്വർണം പണയംവെച്ച തുകയും അടക്കം രണ്ടര ലക്ഷത്തോളം രൂപയുംവീടിനോടൊപ്പം തന്നെ ഒലിച്ചു പോയെന്ന് ജെബി പറയുന്നു.
രണ്ട് പെൺമക്കളാണ് ജെബിയ്ക്ക്. ഒരാൾ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. മറ്റൊരാളുടെകല്യാണം കഴിഞ്ഞു.വീട് നഷ്ടപ്പെട്ട ഇവർ ഇപ്പോൾ സഹോദരന്റെ വീട്ടിൽ താമസിക്കുകയാണിപ്പോൾ.സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായം ഉണ്ടായാൽ മാത്രമേമുന്നോട്ട് ജീവിതം സാധ്യമാകുകയുള്ളൂ. ആർക്കും ഒന്നും പറ്റിയില്ലല്ലോ എന്നതാണ് ആകെയുള്ള ഒരു ആശ്വാസമെന്നും ജെബി പറയുന്നു.
Content highlights: house collapsed in mundakayam – jebi and pushpa reaction