അൽ അമീററ്റ്
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ 10 വിക്കറ്റ് ജയത്തോടെ ഒമാൻ അരങ്ങേറി. നവാഗതരായ പാപ്പുവ ന്യൂ ഗിനിയയെയാണ് തോൽപ്പിച്ചത്. സ്കോർ: പാപ്പുവ ന്യൂ ഗിനിയ 9–-129, ഒമാൻ 0–-131 (13.4).
ടോസ് നേടിയ ഒമാൻ പന്തെറിയാനാണ് തീരുമാനിച്ചത്. റണ്ണെടുക്കുംമുമ്പ് ഓപ്പണർമാരെ നഷ്ടപ്പെട്ട ഗിനിയയെ 100 കടത്തിയത് ക്യാപ്റ്റൻ ആസാദ് വാലയും (56) ചാൾസ് അമിനിയും (37) ചേർന്നാണ്. ക്യാപ്റ്റൻ സീഷൻ മഖ്സൂദിന്റെ തകർപ്പൻ ബൗളിങ്ങാണ് ഒമാന് തുണയായത്. നാല് ഓവറിൽ 20 റൺ വഴങ്ങി സ്പിന്നർ നാല് വിക്കറ്റെടുത്തു.
ഓപ്പണർമാരായ ആഖിബ് ഇല്യാസും (50) ജതീന്ദർ സിങ്ങും (73) 13.4 ഓവറിൽ ഒമാനെ വിജയത്തിൽ എത്തിച്ചു. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ജതീന്ദർ 42 പന്തിൽ നാല് സിക്സറും ഏഴ് ഫോറും അടിച്ച് വിജയം അനായാസമാക്കി. ഗ്രൂപ്പ് ബിയിൽ ഒമാന് രണ്ട് പോയിന്റായി. നാളെ ബംഗ്ലാദേശിനേയും വ്യാഴാഴ്ച സ്കോട്ട്ലൻഡിനേയും നേരിടും. മുന്നിലെത്തുന്ന രണ്ട് ടീമുകൾ സൂപ്പർ 12ലേക്ക് യോഗ്യത നേടും.
സ്കോട്ലൻഡ് 9–-140
ബംഗ്ലാദേശിന് സ്കോട്ലൻഡിനെ തോൽപ്പിക്കാൻ 141 റൺ വേണം. ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ പ്രാഥമികറൗണ്ട് മത്സരത്തിനിറങ്ങിയ സ്കോട്ലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 140 റണ്ണെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 6–-53ന് തകർന്നതായിരുന്നു. ക്രിസ് ഗ്രീവ്സാണ് (45) രക്ഷകനായത്. ജോർജ് മുൻസിയും (29) മാർക്ക് വാറ്റും (22) പിന്തുണ നൽകി. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മൂന്ന് വിക്കറ്റെടുത്തു. മുസ്തഫിസുർ റഹ്മാനും ഷാക്കിബ് അൽ ഹസനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.