ഇടുക്കി: കൊക്കയാർ ഉരുൾപൊട്ടലിൽ മരിച്ചഫൗസിയ ദുരന്തത്തിന് തൊട്ടുമുമ്പ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ ബന്ധുവിന് വാട്സാപ്പിൽ അയച്ചു നൽകിയിരുന്നു. വീടിന് സമീപത്തെ ചവിട്ടുപടികളിൽ വെള്ളം ആർത്തലച്ച് എത്തുന്നതും ആശങ്കയോടെ നിൽക്കുന്ന കുട്ടികളുടെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തൊട്ടുപിന്നാലെയാണ് കലിതുള്ളി ഒലിച്ചെത്തിയ പാറയും വെള്ളവും ഫൗസിയയുടെയും മക്കളുടെയും ജീവനെടുത്തത്.
ബന്ധുവിന്റെ വിവാഹത്തിനെത്തിയ ഫൗസിയയും മക്കളായ അമീനും അംനയും സഹോദരന്റെ മക്കളായ അഫ്സാനും അഹിയാന്റെയും ജീവനാണ് ദുരന്തിൽ നഷ്ടമായത്.ഭാര്യയേയും രണ്ട് മക്കളും ഉൾപ്പെടെ അഞ്ചു പേരെ നഷ്ടമായ സിയാദായിരുന്നു ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ച.മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച ഫൗസിയയുടെയും കുട്ടികളുടെയും ഉൾപ്പെടെ ആറു പേരുടെ മൃതദേഹം കണ്ടെത്തിയത്.
മണ്ണിൽ പുതഞ്ഞ കുട്ടികളുടെ മൃതദേഹം ഓരോന്നായി പുറത്തെടുത്തപ്പോൾ രണ്ട് കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിലും ഒരാൾ തൊട്ടിലിൽ കിടന്നുറങ്ങുന്ന നിലയിലുമായിരുന്നു. അഹിയാൻ, അഫ്സാൻ എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടിപ്പുണർന്ന നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അംനയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഫൗസിയയുടേയും അമീന്റേയും മൃതദേഹങ്ങൾ കണ്ടെത്തി.
content highlights:video visuals before kokkayar landslide