കഴിഞ്ഞ 12 മണിക്കൂറിനിടെ ജലനിരപ്പ് 0.84 അടി ഉയർന്നു. ജലനിരപ്പ് 2398.86 അടിയെത്തുന്നതോടെ റെഡ് അലെർട്ട് പ്രഖ്യാപിക്കും. നിലവിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് വൈദ്യുത മന്ത്രിയുടെ നേതൃത്വത്തിൽ വൈദ്യുത ബോർഡ് സിഎംഡി വിളിച്ചു ചേർത്ത യോഗത്തിന്റെ തീരുമാനം.
ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ ഡിസാസ്റ്റർ മാനേജ്മെന്റിന്റെയും സർക്കാരിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടി സ്വീകരിക്കുകയെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച മുതൽ മൂലമറ്റത്ത് വൈദ്യുതോത്പാദനം പൂർണ്ണതോതിലാക്കിയിട്ടുണ്ട്. അഞ്ച് ജനറേറ്ററുകളാണ് ഇവിടെ പ്രവർത്തിപ്പിക്കുന്നത്. മൂന്നാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ചൊവ്വാഴ്ചയോടെ പൂർത്തിയായേക്കും.
കക്കി ഡാമിലെ ജലനിരപ്പ് ഇപ്പോൾ 979 അടിയാണ്. 978 ൽ എത്തിയപ്പോഴാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.
മഴക്കെടുതിയിൽ 13.67 കോടിയുടെ നാശനഷ്ടം വൈദ്യുതി ബോർഡിന് ഉണ്ടായെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. 4.18 ലക്ഷം വൈദ്യുതി കണക്ഷനുകൾ തകരാറിലായി. 60 ട്രാൻസ്ഫോർമറുകൾ, 339 പോസ്റ്റുകൾ, 1398 ലോ ടെൻഷൻ പോസ്റ്റുകൾ, 11 കെവി ലൈനുകൾ എന്നിവയും നശിച്ചിട്ടുണ്ട്. ഇവ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും തീരുമാനമുണ്ട്.