കോട്ടയം, ഇടുക്കി
കാലം തെറ്റിയെത്തിയ ദുരിതപെയ്ത്തിൽ സംസ്ഥാനത്ത് മരിച്ചവർ 24 ആയി. കൂട്ടിക്കലിലും കൊക്കയാറിലും ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ 20 പേർ മരിച്ചു. കൂട്ടിക്കലിൽ 13 പേരുടെയും കൊക്കയാറിൽ ഏഴ് പേരുടെയും മൃതദേഹം കിട്ടി. ഞായറാഴ്ച നടത്തിയ തെരച്ചിലിൽ 17 പേരുടെ മൃതദേഹം കണ്ടെത്തി.
മൂന്ന്പേരെ ശനിയാഴ്ച കണ്ടെത്തിയിരുന്നു. കൊക്കയാറിൽ രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ട്. ഏറ്റുമാനൂരിൽ സെെനികൻ പാടത്ത് മുങ്ങിമരിച്ചതോടെ കോട്ടയം ജില്ലയിലെ മരണം 14 ആയി. മുണ്ടുവേലി മുകളേൽ ജോൺസ് സെബാസ്റ്റ്യൻ(35) ആണ് മരിച്ചത് ഇടുക്കിയിൽ പെരുവന്താനത്ത് ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചതോടെ മരണം എട്ടായി. തിരുവനന്തപുരം കല്ലാറിൽ യുവാവ് മുങ്ങി മരിച്ചു. മണക്കാട് സ്വദേശി അഭിലാഷാണ് (24) മരിച്ചത്. കോഴിക്കോട് തോട്ടിൽ വീണ് വടകര ഏറാമല പയ്യത്തൂരിൽ കണ്ടോത്ത് താഴക്കുനിയിൽ നൂർജഹാൻ -–-മുഹമ്മദ് ഷംജാസ് ദമ്പതികളുടെ മകൻ രണ്ടു വയസ്സുകാരൻ മുഹമ്മദ് റയ്ഹാൻ മരിച്ചു.
കെട്ടിപ്പിടിച്ച് 3 കുഞ്ഞുങ്ങൾ
കൊക്കയാറിൽ ഞായർ പകൽ 2.30 ഓടെ കെട്ടിപ്പിടിച്ച നിലയിൽ മൂന്ന് കുട്ടികളുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. അഫ്സാര ഫെെസൽ,അഹിയാൻ,അംന സിയാദ് എന്നിവരുടെ മൃതദേഹമായിരുന്നു. ഇതിനടുത്ത് നിന്ന് മറ്റ് രണ്ട് മൃതദേഹങ്ങളും ലഭിച്ചു. അഫിയാൻ ഫൈസൽ എന്ന നാല് വയസ്സുകാരനെയും ആൻസിയെന്ന സ്ത്രീയേയുമാണ് കണ്ടെത്താനുള്ളത്.
2 പേർക്കായി തെരച്ചിൽ
കൊക്കയാർ പൂവഞ്ചിക്ക് സമീപം മാക്കോച്ചിയിൽ കുന്നിടിഞ്ഞിറങ്ങി മണ്ണിനടിയിൽപ്പെട്ട് കാണാതായ ഒമ്പത് പേരിൽ ഏഴുപേരെ കണ്ടെത്തി. ചേരിപ്പുറത്ത് ഫൗസിയ സിയാദ്(28), മക്കളായ അംന സിയാദ്(7), അമിൻ സിയാദ്(10), ഫൗസിയായുടെ സഹോദരൻ കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാര ഫൈസൽ(8), അഹിയാൻ(4), പെരുവന്താനം വില്ലേജിൽ ജോജി(44) എന്നിവരുടെയും മൃതദേഹം ഇവിടെ മണ്ണിനടിയിൽനിന്നും ഷാജി ചിറയിലിന്റെ(55) മൃതദേഹം മുണ്ടക്കയത്ത് നിന്നുമാണ് *ലഭിച്ചത്.
കൂട്ടിക്കലിൽ മുഴുവൻ മൃതദേഹവും കണ്ടെത്തി
കൂട്ടിക്കൽ കാവാലിയിലെ കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കൂടി ഞായറാഴ്ച കണ്ടെത്തി. ഒട്ടലാങ്കൽ(വട്ടാളക്കുന്നേൽ) മാർട്ടിൻ റോയി(47), മക്കളായ സ്നേഹ(14), സാന്ദ്ര(10) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്ലാപ്പള്ളിയിൽനിന്ന് പറത്താനം ആറ്റുചാലിൽ സോണിയ(45), മകൻ അലൻ(14), പന്തലാട്ടിൽ സരസമ്മ(58), മുണ്ടകശ്ശേരിൽ റോഷ്നി(42) ഒഴുക്കിൽപ്പെട്ട ഓട്ടോ ഡ്രൈവർ ഇളംകാട് ഓലിക്കൽ ഷാലറ്റ്(29), ഏന്തയാർ ഇളംതുരുത്തിൽ സിസിലി(55), കൂവപ്പള്ളി സ്രാമ്പിക്കൽ രാജമ്മ(64) എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
പ്ലാപ്പള്ളിയിൽ റോഡുകൾ തകർന്ന് വാഹനം എത്താത്തതിനാൽ തെരച്ചിൽ അതീവ ദുഷ്കരമായി. മണ്ണിടിച്ചിൽ ലക്ഷണങ്ങളും തെരച്ചിൽ സംഘങ്ങളെ വലച്ചു. ആറുപേരെ നഷ്ടപ്പെട്ട കാവാലിയിലെ ഒട്ടലാങ്കൽ കുടുംബാഗത്തിലെ മാർട്ടിന്റെ അമ്മ ക്ലാരമ്മ ജോസഫ്, ഭാര്യ സിനി, മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കിട്ടി. ശേഷിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ ഉച്ചയ്ക്കു മുമ്പേ കണ്ടെടുത്തു.
സാന്ദ്രയുടെയുടെയും സ്നേഹയുടെയും മൃതദേഹങ്ങൾ പൊളിഞ്ഞുവീണ വീടിന് താഴേഭാഗത്ത് മണ്ണിനടിയിലായിരുന്നു. മാർട്ടിന്റെ മൃതദേഹം തോട്ടിലൂടെ ഒഴുകിമാറിയിരുന്നു. 300 മീറ്റോളം അകലെനിന്നാണ് കണ്ടെടുത്തത്. പ്ലാപ്പള്ളിയിൽ കണ്ടെത്തിയ നാല് മൃതദേഹങ്ങൾ ആറിടത്തായി ഛിന്നഭിന്നമായ നിലയിലായിരുന്നു.