ദുബായ്: വിരാട് കോഹ്ലി തന്റെ ടി20 നായക പദവിക്ക് തിരശീലയിടേണ്ടത് ലോകകപ്പ് നേടികൊണ്ടാവണമെന്ന് മുൻ ഇന്ത്യൻ ബാറ്റർ സുരേഷ് റെയ്ന. ഒമാനിലും യുഎഎയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം നായക പദവി ഒഴിയുന്ന കോഹ്ലിക്ക് സഹതാരങ്ങളിൽ നിന്നും അത്തരമൊരു യാത്രയയപ്പ് ആവശ്യമാണെന്ന് റെയ്ന പറഞ്ഞു.
“ഐസിസി പുരുഷ ടി20 ലോകകപ്പിൽ, ഇന്ത്യയുടെ പുരുഷ ടീമിനുള്ള സന്ദേശം ലളിതമാണ്, വിരാട് കോഹ്ലിക്ക് വേണ്ടി അത് നേടൂ”
“ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ അവസാന ടൂര്‍ണമെന്റായിരിക്കും ഇത്, അതുകൊണ്ട് തന്നെ നമ്മുക്ക് ഇതിനു കഴിയും എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുക എന്നത് അദ്ദേഹത്തിന് പ്രധാനമാണ്, നമ്മൾ അദ്ദേഹത്തിനു പുറകെ പോകുക എന്നത് മാത്രമാണ് ചെയ്യേണ്ടത്.” റെയ്ന ഐസിസിയുടെ ഒരു കോളത്തിൽ എഴുതി.
“ഇന്ത്യൻ ആരാധകർ ടി20 ലോകകപ്പിനായി കാത്തിരിക്കുകയാണ്. നമ്മുക്ക് അതിനുള്ള താരങ്ങളും കരുത്തുമുണ്ട്, അവിടെ പോയി നന്നായി കളിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്” റെയ്ന പറഞ്ഞു.
യുഎഇയിൽ ഐപിഎൽ കളിച്ചത് ഗുണം ചെയ്യുമെന്ന് റെയ്ന പറഞ്ഞു. എട്ട്, ഒമ്പത് മത്സരങ്ങൾ ഈ സാഹചര്യത്തിൽ ഓരോരുത്തരും കളിച്ചിട്ടുണ്ട്. മറ്റു ടീമുകളെ അപേക്ഷിച്ചു ഇന്ത്യക്ക് ഇത് ലോകകപ്പ് നേടാനുള്ള സാധ്യത വർധിപ്പിക്കുന്നു എന്നാണ് കരുതുന്നത്. ഇന്ത്യയിലെ ഏറെക്കുറെ സമാന സാഹചര്യമാണ് യുഎഇയിൽ അതുകൊണ്ട് തന്നെ താരങ്ങൾക്ക് സാധാരണ കളി കളിക്കാൻ സാധിക്കുമെന്നും റെയ്ന പറഞ്ഞു.
Also Read: എളുപ്പത്തില്‍ ലോകകപ്പ് നേടാമെന്ന് കരുതണ്ട; ഉപദേശവുമായി ഗാംഗുലി
ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമാവുക ആദ്യ മൂന്ന് ബാറ്റർമാരുടെ പ്രകടനമായിരിക്കുമെന്നും റെയ്ന പറഞ്ഞു. രോഹിത് ശർമ്മ, കോഹ്ലി, രാഹുൽ എന്നിവർ ആദ്യ പതിനഞ്ച് ഓവറിൽ കളിച്ചാൽ അത് ഇന്ത്യക്ക് നല്ലൊരു അടിത്തറ നൽകും. ഇവരോടൊപ്പം മധ്യ നിരയിൽ റിഷഭ് പന്തിന്റെ സാന്നിധ്യവും. കൂറ്റനടികളുമായി കളം നിറയാൻ കഴിയുന്ന ഹർദിക് പാണ്ഡ്യയും ചേരുമ്പോൾ ഏതൊരു വിജയലക്ഷ്യവും ഇന്ത്യക്ക് അണയസമയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഎയിൽ ഇന്ത്യൻ നിരയിൽ നിർണായക സ്ഥാനം വഹിക്കാൻ വരുൺ ചക്രവർത്തിക്ക് സാധിക്കുമെന്നും റെയ്ന പറഞ്ഞൂ. പേസ് ബോളിങ്ങിൽ ഭുവനേശ്വറിന്റെ അനുഭവ സമ്പത്തിനൊപ്പം ശാർദൂൽ താക്കൂറും കൂടി ചേരുമ്പോൾ ശക്തമാകുമെന്ന് റെയ്ന പറഞ്ഞു.
ഈ ലോകകപ്പിൽ ഇന്ത്യയുടെ ഭാഗത്തും നിന്നും സ്പെഷ്യലായി എന്തെങ്കിലും കാണാൻ സാധിക്കുമെന്നും റെയ്ന കൂട്ടിച്ചേർത്തു.
The post കോഹ്ലിക്ക് വേണ്ടി അത് നേടൂ; ഇന്ത്യൻ താരങ്ങളോട് സുരേഷ് റെയ്ന appeared first on Indian Express Malayalam.