അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിതീവ്രമഴയും ഉരുൾപൊട്ടലും അതിൻ്റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു- മുഖ്യമന്ത്രി വ്യക്തമാക്കി.
“കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏതാനും ജീവനുകൾ നഷ്ടമായത് ദുഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
കനത്ത മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ കേരളത്തിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി. “ദുരിതബാധിതരെ സഹായിക്കുന്നതിന് എല്ലാ പിന്തുണയും കേന്ദ്രസർക്കാർ നൽകും. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെ അയച്ചിട്ടുണ്ട്. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.” അമിത് ഷാ ട്വീറ്റ് ചെയ്തു. എൻഡിആർഎഫിന്റെ പതിനൊന്ന് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.