മൂന്ന് വർഷമായി കേരളത്തിൽ പ്രളയവും മണ്ണിടിച്ചിലും ആവർത്തിക്കുകയാണ്. 2018 ന് ശേഷം സർക്കാർ ജാഗ്രത കൈക്കൊണ്ടില്ല. പശ്ചിമഘട്ട സംരക്ഷണത്തിൽ പിടി തോമസിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
‘കഴിഞ്ഞ വർഷം മാത്രം ആയിരത്തോളം മണ്ണിടിച്ചിലാണ് ഉണ്ടായത്. എന്നിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ട കാര്യങ്ങൾ സർക്കാർ മുഖവിലയ്ക്കെടുത്തില്ല. ഇന്നലെ രാവിലെ ഉരുൾപൊട്ടൽ ഉണ്ടായിട്ടും തെരച്ചിൽ ദുഷ്കരമായിരുന്നു. എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം. മുൻ പഞ്ചായത്ത് മെമ്പർ മാത്രമാണ് ഇന്നലെ വൈകിട്ടോടെ ജെസിബിയുമായി വന്നത്. പോലീസോ ഫയർഫോഴ്സോ എത്തിയില്ല.’ വിഡി സതീശൻ പറഞ്ഞു.
കൊക്കയാറിൽ കുട്ടികൾ ഉൾപ്പെടെ എട്ടു പേരെയാണ് കാണാതായത്. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്. പഞ്ചായത്തിലെ പൂവഞ്ചി, മാക്കോച്ചി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തിൽ ഒരു കുടംബത്തിലെ ആറുപേർ മണ്ണിനടിയിൽ അകപ്പെട്ടു. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് താമസിച്ചിരുന്ന ആൻസി എന്ന സ്ത്രീയേയും ഷാജി എന്ന ആളെയും കാണാതായി.
പ്രതികൂലമായ കാലാവസ്ഥയാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. വൈദ്യുതി പോസ്റ്റുകൾ നശിച്ചതിനാൽ പ്രദേശത്ത് വൈദ്യുതി തടസം നേരിടുകയാണ്.
മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഇന്നലെ ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. കോട്ടയം, ഇടുക്കി ജില്ലകളിലായി ഉരുള്‍ പൊട്ടലിൽ വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.
അതേസമയം, ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നും ചൊവ്വാഴ്ച വരെ മഴതുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.