മൂവാറ്റുപുഴ: തെക്കൻ ജില്ലകളിൽ തകർത്തുപെയ്ത പേമാരിയുടെ ദുരിതമൊഴിയുന്നില്ല. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾക്കൂടി കണ്ടെടുത്തതോടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 19 ആയി.
കൊക്കയാറിൽനിന്ന് മൂന്നു കുട്ടികളുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇനി ഇവിടെ കണ്ടെത്താനുള്ളത് അഞ്ച് പേരെയാണ്. ഇവിടെ കാണാതായിരുന്ന എട്ട് പേരിൽ അഞ്ചുപേരും കുട്ടികളാണ്. ഉരുൾപൊട്ടലിൽ കൊക്കയാറിൽ ഏഴ് വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവർത്തനത്തിനായി ഡോഗ് സ്ക്വാഡിനേയും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽനിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഇവിടെ ആകെ മരണം പത്തായി. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ട് എന്നാണ് കരുതുന്നത്.
ഇന്ന് പകൽ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കി. മണ്ണിൽ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. എന്നാൽ ഉച്ചകഴിഞ്ഞതോടെ മഴയ്ക്കുള്ള ലക്ഷണങ്ങളാണ് പ്രദേശത്തുള്ളത്.
കോട്ടയം-ഇടുക്കി ജില്ലകളെ വേർതിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന കൊക്കയാറും തമ്മിൽ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനിൽക്കുന്ന പ്രദേശമാണിവ. മുൻപ് ഒരിക്കലും ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Content Highlights:kerala flood 2021- Death toll rises, Three more bodies recovered from kokkayar