ന്യൂഡൽഹി: കേരളത്തിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. മൃത്യുജ്ഞയ മഹാപത്ര. ന്യൂനമർദവും കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണമായത്.കനത്ത മഴയാണ് മണ്ണിടിച്ചലിന് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞദിവസം കേരളത്തിൽ വലിയ തോതിലുള്ള മഴയാണ് പെയ്തത്. ഇടുക്കി, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് കൂടുതൽ മഴ പെയ്തത്. 29 സെന്റി മീറ്റർ വരെയാണ് ഈ ജില്ലകളിൽ പെയ്ത മഴ. ന്യൂനമർദവും ശക്തമായ കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണമായത്.
ഞായറാഴ്ച ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞു. ഇന്ന് കനത്ത മഴയുടെ തോത് കുറയും. 18-19 തീയതികളിൽ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് മുതൽ കനത്ത മഴയ്ക്ക് ശമനമുണ്ടാവുമെങ്കിലും മഴ തുടരും. കനത്ത മഴയെ നേരിടാൻ കേരളം മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ലഘു മേഘവിസ്ഫോടനം എന്ന പ്രതിഭാസമാണെന്നായിരുന്നു പ്രാഥമികവിലയിരുത്തൽ. കുറച്ചു സമയത്തിനുള്ളിൽ, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണിത്.
2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായത് ഈ പ്രതിഭാസമായിരുന്നു. 2018-ലെയും 2019-ലെയും പെരുമഴകൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, യു.എസിലെ മയാമി യൂണിവേഴ്സിറ്റി, ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനമാണ് അന്ന് ഈ നിഗമനത്തിലെത്തിച്ചത്.