കോട്ടയം: കൂട്ടികൽ കാവാലിയിലുണ്ടായ ഉരുൾപൊട്ടൽ ജീവിതത്തിൽനിന്ന് മായ്ച്ചുകളഞ്ഞത് ഒരു കുടുംബത്തിലെ ആറുപേരെ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ കുടുംബമാണ് ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്.
മാർട്ടിൻ (47), അമ്മ അന്നക്കുട്ടി (65), മാർട്ടിന്റെ ഭാര്യ സിനി (35), മക്കളായ സ്നേഹ (13), സോന (10), സാന്ദ്ര (9) എന്നിവരെയാണ് കഴിഞ്ഞദിവസം മണ്ണിനടിയിൽപ്പെട്ട് കാണാതായത്. ഇവരിൽ ആഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കുന്നിൻപ്രദേശത്തുള്ള ഇവരുടെ വീടിനു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ മണ്ണും വെള്ളവും പതിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് മാർട്ടിന്റെ കുടുംബത്തിലെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.
ഇവരുടെ വീടുണ്ടായിരുന്നിടത്തുനിന്നുതന്നെയാണ് നാല് മൃതദേഹങ്ങൾ ലഭിച്ചത്. മാർട്ടിന്റെ മൃതദേഹം ലഭിച്ചത് ഇവിടെനിന്ന് ഒരു കിലോമീറ്ററോളം മാറിയാണ്. വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ദൂരേക്ക് ഒഴുകിപ്പോകുകയായിരുന്നു എന്നാണ് കരുതുന്നത്. ഇവിടെ തിരച്ചിൽ തുടരുകയാണ്.
കാവാലിയിൽനിന്ന് ലഭിച്ച അഞ്ച് മൃതദേഹങ്ങളും പ്ലാപ്പള്ളിയിൽനിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങളും അടക്കം അഞ്ചു മൃതദേഹങ്ങളാണ് കൂട്ടിക്കലിൽനിന്ന് ആകെ ലഭിച്ചത്. മന്ത്രി വി.എൻ. വാസവൻ അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
Content Highlights:A family of six died in the landslide in koottikkal