കോട്ടയം: ഉരുൾപൊട്ടലിൽ അകപ്പെട്ട് മരണം മുഖാമുഖം കണ്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി കെ.എസ്.ആർ.ടി.സി ജീവനക്കാർ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാവിലെ പുല്ലുപാറയ്ക്ക് സമീപം ഉരുൾപൊട്ടലുണ്ടായി പാറകളും മണ്ണും റോഡിലേക്ക് പതിച്ചിരുന്നു. ഇവിടെയാണ് വിനോദ സഞ്ചാരികൾ അകപ്പെട്ടത്. എരുമേലിയിൽ നിന്ന് പാഞ്ചാലിമേടിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടി ബസിലെ ജീവനക്കാരാണ് രക്ഷകരായത്.
റോഡ് ബ്ലോക്ക് ആയത് കാരണം അരമണിക്കൂറോളം ബസ് ഇവിടെ നിർത്തിയിട്ടിരിരുന്നു. വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കണ്ടക്ടർ ജെയ്സൺ ജോസഫ് ശബ്ദം കേൾക്കുന്നത്. ഒരു കുട്ടിയും മറ്റൊരാളും ഒഴുകി വന്ന് ബസിന്റെ സമീപം പിടിച്ച് നിന്ന് ശബ്ദം ഉയർത്തുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടർ വെള്ളത്തിലേക്കിറങ്ങി ഇവരെ രക്ഷിച്ചു. തുടർന്ന് ഇവരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് സഞ്ചരിച്ച കാറിൽ നിന്നും മറ്റുമായി രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവരെന്നാണ് വിവരം. സാരമായ പരിക്കേറ്റ ഇവർ പീരുമേട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം വിതച്ചിരിക്കുകയാണ് മഴയും ഉരുൾപൊട്ടലും. ശക്തമായ മഴയിലും മണ്ണിടിച്ചിലുംമൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്തവിധമാണ് പല പ്രദേശങ്ങളും.