തിരുവനന്തപുരം
കേരളം തരിശുരഹിത സംസ്ഥാനമെന്ന നേട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യ വകുപ്പും ഹിന്ദു ദിനപ്പത്രവും സംഘടിപ്പിച്ച കേരള ഫുഡ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് വ്യാപകമായി തരിശിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. പലയിടത്തും തരിശുരഹിത ഗ്രാമങ്ങളും ബ്ലോക്കുകളും മണ്ഡലങ്ങളുമായി. നെല്ല്, പച്ചക്കറി കൃഷി വ്യാപകമായി.
മട്ടുപ്പാവിലടക്കം കൃഷി ചെയ്യുന്ന രീതിയായി. പച്ചക്കറിയിൽ സ്വയംപര്യാപ്തതയിലേക്ക് അടുത്തപ്പോഴാണ് പ്രളയവും പിന്നാലെ കോവിഡും വന്നത്. ഭക്ഷ്യമേഖലയിൽ പുരോഗതിയുണ്ടാക്കുകയാണ് പ്രധാനം. പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. കോവിഡിൽ രാജ്യത്ത് പലയിടത്തും ജനം ഭക്ഷണത്തിന് ബുദ്ധിമുട്ടിയപ്പോൾ കേരളം മാതൃകയായി. ആരും പട്ടിണി കിടന്നില്ല. സമൂഹ അടുക്കളകൾ ദേശീയ ശ്രദ്ധ നേടി. ജനകീയ ഭക്ഷണശാലയും മാതൃകയായി–- മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.
ഭക്ഷ്യ വകുപ്പു സെക്രട്ടറി ടിക്കാറാം മീണ, സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബു, ടി നന്ദകുമാർ, കെ വി മോഹൻകുമാർ, കെ രവി രാമൻ, പ്രൊഫ. ആർ രാമകുമാർ എന്നിവർ സംസാരിച്ചു.