ലണ്ടൻ
ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാവിന്റെ ഇസ്ലാമിക തീവ്രവാദബന്ധം സ്കോട്ട്ലൻഡ് യാർഡിന്റെ തീവ്രവാദവിരുദ്ധ സംഘം അന്വേഷിക്കുന്നു. എസെക്സിൽ ലീ-ഓൺ-സീയിലെ ബെൽഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ വോട്ടർമാരുമായുള്ള പതിവ് കൂടിക്കാഴ്ചയിലാണ് ഡേവിഡ് അമെസിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ സൊമാലിയൻ വംശജനായ ബ്രിട്ടീഷ് പൗരന് അറസ്റ്റിലായിരുന്നു.
ബ്രിട്ടനിലെ തീവ്രവാദവിരുദ്ധ ഉദ്യോഗസ്ഥര്‍ എസെക്സ് പൊലീസുമായും ഈസ്റ്റേണ്‍ റീജ്യന് സ്പെഷ്യലിസ്റ്റ് ഓപ്പറേഷന്‍സ് യൂണിറ്റുമായും ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്. ഇസ്ലാമിക തീവ്രവാദത്തില്‍ നിന്നുള്ള പ്രചോദനമാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി തീവ്രവാദവിരുദ്ധ പൊലീസിന്റെ സീനിയർ നാഷണൽ കോ–-ഓർഡിനേറ്ററായ ഡെപ്യൂട്ടി അസിസ്റ്റന്റ് കമീഷണർ ഡീൻ ഹെയ്ഡൻ പ്രസ്താവനയില്‍ അറിയിച്ചു.
പിടിയിലായ ഇരുപത്തഞ്ചുകാരന് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഇയാളുടെ ഫോണ്‍കോളുകളും വിലാസവും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
പ്രധാനമന്ത്രി ബോറിസ് ജോൺസണും ആഭ്യന്തരമന്ത്രി പ്രീതി പട്ടേലും പ്രതിപക്ഷ ലേബർ പാര്‍ടി നേതാവ് കെയർ സ്റ്റാമറും അടക്കമുള്ളവര്‍ ശനിയാഴ്ച രാവിലെ ലീ-ഓൺ-സീയിലെ പള്ളിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.