ന്യൂഡല്‍ഹി> ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജകാലത്ത് വര്‍ഗീയ സംഘര്‍ഷവും സംഘട്ടനങ്ങളും പൊട്ടിപ്പുറപ്പെട്ടതില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. കലാപം നേരിടാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ സേനകളെ നിയോഗിച്ചിട്ടുണ്ട്. കലാപത്തിനു ഉത്തരവാദികളെ ശിക്ഷിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. പൊലീസ് വെടിവയ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. രാജ്യമെമ്പാടും ഒട്ടേറെപേര്‍ അറസ്റ്റിലായി.
നൂറ്റാണ്ടുകളായി ബംഗാളികള്‍ മതവ്യത്യാസമില്ലാതെ ഏകഭാവത്തോടെ നടത്തുന്നതാണ് പൂജ ആഘോഷം. ബംഗ്ലാദേശും ഇതേ പാരമ്പര്യമാണ് പിന്തുടര്ന്നുവന്നത്. ഈ പാരമ്പര്യം നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സിപിഐ എം പ്രതീക്ഷിക്കുന്നു.
മേഖലയിലെ പല രാജ്യങ്ങളിലും മതമൗലികവാദം പൊതുവായ ആശങ്ക സൃഷ്ടിക്കുന്നു. സമാധാനവും സാധാരണനിലയും സാഹോദര്യവും പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കണം-പിബി ആവശ്യപ്പെട്ടു.