തിരുവനന്തപുരം> വേനല്കാലത്ത് കേരളത്തെ പൂര്ണ്ണമായി ഇരുട്ടിലാഴ്ത്തുക എന്ന ഉദ്ദേശം വച്ചുകൊണ്ടാണ് കേന്ദ്ര ഗവണ്മെന്റ് ഇപ്പോള് കേരളത്തില് ഉല്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ ഉല്പ്പാദനം പരമാവധി വര്ദ്ധിപ്പിച്ച് കേന്ദ്രത്തിന് നല്കണമെന്ന് നിര്ദ്ദേശിക്കുന്നതെന്ന് എ കെ ബാലന്. ഇന്ത്യാ രാജ്യത്ത് വൈദ്യുത പ്രതിസന്ധി ഇല്ലെന്ന് വീമ്പിളക്കിയ കേന്ദ്ര ഗവണ്മെന്റ് ഈ തീരുമാനം എടുത്തത് വഴി സത്യം പുറത്തുവന്നു.
കേരള വൈദ്യുതി ബോര്ഡ് ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായ സമീപനം സ്വീകരിക്കുന്ന ഒരു സ്ഥാപനമാണ്. അതുകൊണ്ട് മഴക്കാലത്ത് ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്ന വൈദ്യുതി ഉല്പാദനം കുറച്ച് വേനല്കാലത്തേക്ക് ഡാമുകളില് സംഭരിച്ചുവെക്കുന്ന രീതിയാണ് തുടരുന്നത്. കേന്ദ്ര നിര്ദ്ദേശത്തിന്റെ ഭാഗമായി ഈ പ്ലാനിംഗ് തകിടം മറയും. ഫലം വേനല്കാലത്ത് അതിരൂക്ഷമായ വൈദ്യുത പ്രതിസന്ധി ക്ഷണിച്ചു വരുത്തും.
ഗാര്ഹക ഉപഭോക്താക്കളെ മാത്രമല്ല വ്യവസായ – കാര്ഷിക മേഖലപൂര്ണ്ണമായും തകരും. വൈദ്യുത ബോര്ഡിന്റെ സാമ്പത്തിക നിലയെയും ബാധിക്കും. ഓഫ് പീക്ക് സമയത്ത് കേരളം പുറത്തുവില്ക്കുന്ന വൈദ്യുതിയുടെ വില കേന്ദ്രം തരുമെന്ന് ഉറപ്പുമില്ല. വിത്തിന് വെച്ചത് കൊത്തിത്തിന്നുന്ന ഈ നയം കേരളത്തിന് അംഗീകരിക്കാന് കഴിയില്ല.
പ്രതിസന്ധി വരുമ്പോള് ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കണമെന്ന് ജലവൈദ്യുതപദ്ധതികളുടെ പ്രാധാന്യത്തെയാണ് എടുത്തുകാട്ടുന്നത്. എല്ലാ ജലവൈദ്യുത പദ്ധതികളും ഡീ കമ്മീഷന് ചെയ്ത് നിലവിലുള്ള പദ്ധതികളും ഇല്ലാതക്കണമെന്ന വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നു എന്ന പ്രത്യേകതയും നമ്മള് കാണണമെന്നും ബാലന് വ്യക്തമാക്കി.