തൃശൂര്‍> വിജ്ഞാന സമ്പത്ത് പ്രയോജനപ്പെടുത്തി വീടിനടുത്ത് മൈക്രോ തൊഴിലിടങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നോളജ് ഇക്കോണമി മിഷന് വഴി അഞ്ചുവര്‍ഷത്തിനകം 20 ലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ പതിനായിരംപേര്‍ക്ക് തൊഴില്‍ നല്‍കും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച നോളജ് ഇക്കണോമിക് വിഷന്‍ സംസ്ഥാന ശില്പശാല ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് അനുവര്‍ത്തിച്ച ‘വര്‍ക്ക് ഫ്രം ഹോം’ രീതി പ്രയോജനപ്പെടുത്തി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം ഒരുക്കും. വീടിനടുത്ത് മൈക്രോ വര്‍ക്ക് സ്പെയ്സുകളൊരുക്കും. വിവിധ സ്ഥാപനങ്ങളിലേക്കുള്ള ജോലികള്‍ ഇവിടെയിരുന്ന് ചെയ്യാം. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ തൊഴിലിടങ്ങളൊരുക്കും.
കെ ഡിസ്കിന് കീഴില്‍ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോര്‍ട്ടലില്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരും മറ്റു രാജ്യങ്ങളിലേതുള്‍പ്പടെ തൊഴില്‍ ദാതാക്കളും രജിസ്റ്റര്‍ ചെയ്യും. യോഗ്യതക്കനുസരിച്ച് തൊഴിലുകള്‍ ലഭിക്കും. വിവിധ കാരണങ്ങളാല്‍ തൊഴില്‍ നിര്‍ത്തിയ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് വീട്ടിലിരുന്നും തൊഴില്‍ ചെയ്യാനാവും. പുതിയ മേഖലകളില്‍ വിദഗ്ധ പരിശീലനങ്ങള്‍ നല്‍കും.
ഭാഷാവിജ്ഞാനവും വിപുലമാക്കും. കെ ഫോണ്‍ വരുന്നതോടെ ഇത് കൂടുതല്‍ സഹായകമാവും.കേരളത്തില്‍ അന്താരാഷ്ട്ര മികവിന്റെ 30 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നൂതന ആശയങ്ങളും ഗവേഷണങ്ങളും വികസിപ്പിക്കാന്‍ 500 പേര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് നല്‍കും. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ബാങ്ക്, കെഎസ്ഐഡിസി, കെ എഫ് സി, കെ എസ് എഫ് ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കും.
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം വരുത്തും. സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും മികച്ച സൗകര്യങ്ങളും ഫാക്കല്‍റ്റികളും ഏര്‍പ്പെടുത്തും.
ലാബ്, ലൈബ്രറി എന്നിവ ഏതു സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാവണം. വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ഠിത നൂതന കോഴ്സുകള്‍ ആരംഭിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ എന്റോള്‍മെന്റ് റേഷ്യോ നിലവിലിത് 40 ശതമാനത്തിന് താഴെയാണ്. ഇത് 75 ശതമാനമാക്കണം. അഞ്ച് ലക്ഷം വിദ്യാര്‍ഥികളെ അധികമായി ഉന്നതവിദ്യാഭ്യാസരംഗത്ത് എത്തിക്കാനാവണം- മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനായി.