തിരുവനന്തപുരം> ഉത്ര വധക്കേസ് പ്രതി സൂരജ് പൂജപ്പുര സെൻട്രൽ ജയിലിലെ കോവിഡ് നീരീക്ഷണ ബ്ലോക്കിൽ. നിയമപ്രകാരമുള്ള നിരീക്ഷണത്തിന്റെ ഭാഗമായി സൂരജ് ഇനി ഒരാഴ്ച എട്ടാം ബ്ലോക്കിൽ കഴിയും. നിരീക്ഷണത്തിനുശേഷം സെല്ലിലേക്ക് മാറ്റും. നേരത്തേ റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
സൂരജിന് വധശിക്ഷ നൽകണമെന്നാണ് ഉത്രയുടെ കുടുംബത്തിെന്റെ ആവശ്യമെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.
ഭാര്യയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. വിവിധ കുറ്റങ്ങൾക്കുള്ള പിഴയായി 5,85,000 രൂപയും സൂരജിൽനിന്ന് ഈടാക്കും. ഈ തുക ഉത്രയുടെ മകന് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.