തിരുവനന്തപുരം> തെറ്റായ പ്രചാരണങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെ വിവാദ കുരുക്കിലാക്കാരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് ആവശ്യപ്പെട്ടു. അര്ധ അതിവേഗ റെയില് പാതയുടെ കാര്യത്തില് പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിമര്ശനങ്ങള്ക്കും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് വ്യക്തതയോടെ മറുപടി നല്കിയിട്ടുണ്ട്.
ശാസ്ത്രീയമായി പഠനം നടത്താതെയാണ് പലരും പദ്ധതിയെ എതിര്ക്കുന്നത്. ജനങ്ങള് ഇത്തരം വികസനം ആഗ്രഹിക്കുന്നുണ്ട്. അതിനാല് തെറ്റിദ്ധരണ പരത്തി ആരും വികസന പ്രവര്ത്തനങ്ങളുടെ വേഗത കുറയ്ക്കരുത്. നാടിന്റെ ഭാവിയെ കരുതി അടിസ്ഥാന സൗകര്യ വികസനത്തിന് പ്രതിപക്ഷം ഉള്പ്പെടെ എല്ലാവരും പിന്തുണ നല്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്ത്താ സമ്മേളത്തില് വിജയരാഘവന് അഭ്യര്ത്ഥിച്ചു.
ആര്ക്കും ഒരു ആശങ്കയും വിഷമവും ഉണ്ടാകാത്ത വിധത്തിലാണ് അര്ധ അതിവേഗ റെയില്പാത പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കുറഞ്ഞ വീടുകള് മാത്രമേ പദ്ധതിയുടെ ഭാഗമായി നഷ്ടപ്പെടു. അതിനാല് യുഡിഎഫ് വിഭാവനം ചെയ്ത അതിവേഗ റെയില് പാതയേക്കാള് മികച്ച പദ്ധതിയാണ് അര്ധ അതിവേഗ റെയില് പാത. ഇത്തരം വേഗതയേറിയ തീവണ്ടി പാത പല രാജ്യങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. അവിടെയെല്ലാം നടപ്പാക്കിയ രീതി തന്നെയാണ് ഇവിടെയും സ്വീകരിക്കുന്നത്.
അതിനാല് ജനങ്ങള്ക്കുള്ള ആഘാതം വളരെ കുറവാകും. പദ്ധതിക്ക് വലിയ ചെലവ് വരുമെന്ന് പറയുന്നവര് ഈ മൂലധന നിക്ഷേപത്തിന്റെ ഭാഗമായി ദീര്ഘകാലത്തേക്ക് കേരളത്തില് വരുന്ന നിക്ഷേപവും കാണണം. നിക്ഷേപം വരണമെങ്കില് അടിസ്ഥാന സൗകര്യം വികസിക്കണം. അതിനാല് ലാഭ നഷ്ടത്തിന്റെ കണക്കില് അര്ധ അതിവേഗ റെയില് പാതക്കുള്ള നിക്ഷേപത്തെ കാണരുത്.
വികസനത്തിന്റെ കാര്യത്തില് വ്യക്തമായ നിലപാടും ഇഛാശക്തിയും സിപിഐഎമ്മിനും എല്ഡിഎഫിനുമുണ്ട്. ദേശീയ പാത, ഗെയില് പദ്ധതി എന്നിവയില് ജനങ്ങള് അവ കണ്ടു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്ത് വിവിധ റീച്ചുകളില് നിര്മ്മാണം നടക്കുന്നു. ഗെയില് പദ്ധതി യാഥാര്ത്ഥ്യമാക്കി. വിഴിഞ്ഞം പദ്ധതിയ പൂര്ത്തീകരണ ഘട്ടത്തിലാണ്. ഈ പദ്ധതിയിലെ കരാര് വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെ ആയിരുന്നു എതിര്ത്തത്.
വികസന പ്രവര്ത്തനങ്ങള്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള് രണ്ടും നാലും ഇരട്ടി തുകയാണ് സര്ക്കാര് നഷ്ടപരിഹാരം നല്കുന്നത്.ദേശീയ പാതക്ക് ഭൂമി ഏറ്റെടുത്തപ്പോള് പഴയ കെട്ടിടങ്ങള്ക്ക് പോലും ചതുരശ്ര അടിക്ക് 4000 രൂപയാണ് നല്കിയത്. ഈ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്ന മലപ്പുറം ജില്ലയില് ജനങ്ങള് പദ്ധതിക്കായി അവരുടെ കെട്ടിടങ്ങള് സ്വയം പൊളിച്ച് കൊടുക്കുകയാണ്. തിരുവനന്തപുരത്ത് തങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്ന സമരവും നമ്മള് കണ്ടു.
വികസന പ്രവര്ത്തനങ്ങളില് എല്ഡിഎഫ് നിലപാടിനോട് പൂര്ണ നിഷേധാക്തമക നിലപാടുമായി യുഡിഎഫിന് കൂടുതല് കാലം മുന്നോട്ട് പോകാനാകില്ലെന്നും വിജയരാഘവന് പറഞ്ഞു.