വെല്ലിങ്ടൺ> ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനായി മജീഷ്യൻ ഗോപിനാഥ് മുതുകാടും ന്യൂസിലാൻഡ് നവോദയയും കൈകോർക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനത്തിലൂടെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയ്‌ക്കായി ഗോപിനാഥ് മുതുകാടിന്‍റെ യൂണിവേഴ്സൽ മാജിക് സെന്‍ററും ചിൽഡ്രൻ ഓഫ് ഡിഫറന്‍റ് ആർട്ട് സെന്‍ററും ചേർന്നാണ് ‘വിസ്മയ സ്വാന്തനം’ പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 23 ന് ന്യൂസിലാൻഡ് സമയം വൈകിട്ട് 7.30ന്(ഇന്ത്യൻ സമയം 11.30ന്) ഓൺലൈനായിട്ടാണ് വിസ്മയ സ്വാന്തനം സംഘടിപ്പിക്കുന്നത്. മുതുകാടിന്‍റെയും ഭിന്നശേഷിയുള്ള കുട്ടികളുടെയും ജാലവിദ്യകളും കലാപരിപാടികളും ഉണ്ടാകും . പരിപാടി കാണാൻ ന്യൂസിലാൻഡ് നവോദയയുടെ https://www.navodaya.org.nz/2021/10/05/vismayasaanthwanam/ എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം.
ന്യൂസിലാൻഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ നവോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ന്യൂസിലാൻഡ് നവോദയ ഭാരവാഹികൾ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലും സിംഗപ്പുരിലുമൊക്കെ സംഘടിപ്പിച്ച വിസ്മയ സ്വാന്തനം പരിപാടിക്ക് വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഇത് ന്യൂസിലാൻഡിലും തുടരാനാണ് തങ്ങളുടെ ശ്രമമെന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു.
ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്തി, അവരെ പരിപോഷിപ്പിച്ച് ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന വളരെ വലിയ ലക്ഷ്യമാണ് ഡിഫറന്‍റ് ആർട്ട് സെന്‍റർ മുന്നോട്ടുവെക്കുന്നതെന്ന് സാമൂഹിക സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും പദ്ധതിയുടെ ആവിഷ്ക്കരിച്ചവരിൽ പ്രധാനിയുമായ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..