കൊല്ലം > കശ്മീരിലെ പുഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളി സൈനികന് എച്ച് വൈശാഖിന് ജന്മനാട് വിടനല്‍കി. കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പില്‍ സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈശാഖ് പഠിച്ചിരുന്ന കുടവട്ടൂര്‍ എല്‍പി സ്കൂളിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
ധീരജവാനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ഏറ്റുമുട്ടലില്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികരാണ് മരിച്ചത്. പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ചു ഭീകരരെ വധിച്ചു. 2017ല്‍ 19-ാം വയസ്സിലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്.