തിരുവനന്തപുരം
ഡിസിസി പുനഃസംഘടനയെ തുടർന്ന് പാർടി വിട്ടതായി പ്രഖ്യാപിച്ചയാളും നിയമസഭയിലേക്ക് സീറ്റ് കിട്ടാത്തതിന്റെ പേരിൽ ഇടഞ്ഞ നേതാക്കളും കെപിസിസി ഭാരവാഹി പട്ടികയിൽ. 14 മുൻ ഡിസിസി പ്രസിഡന്റുമാരെയും നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാക്കളാക്കി ഗ്രൂപ്പുകളുമായി ഒത്തുതീർപ്പ്. കടുത്ത എതിർപ്പ് ഉയർന്നതിനാൽ ബിന്ദു കൃഷ്ണയെ തഴഞ്ഞു. പത്മജ വേണുഗോപാൽ ക്ഷണിതാവ്. ഹൈക്കമാൻഡിന് കൈമാറിയ പട്ടിക ഉടൻ പ്രഖ്യാപിക്കും.
കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ച മുൻ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കി. ഗോപിനാഥിനെ ‘ചെരുപ്പുനക്കി’യെന്ന് ആക്ഷേപിച്ച അനിൽ അക്കരയും പട്ടികയിലുണ്ട്. പുനഃസംഘടനയിൽ പരസ്യവിമർശം നടത്തി സസ്പെൻഷനിലായ കെ ശിവദാസൻനായർ, സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച രമണി പി നായർ എന്നിവർ ജനറൽ സെക്രട്ടറിമാരുടെ കൂട്ടത്തിലാണ്. ദീപ്തി മേരി വർഗീസ്, ഫാത്തിമ റോഷ്ന, വി പി സജീന്ദ്രൻ, വി ടി ബൽറാം തുടങ്ങിയവരും പട്ടികയിലുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകളെ പരിഗണിച്ചില്ല. 51 ഭാരവാഹികളുടെ പട്ടികയാണ് നൽകിയിരിക്കുന്നത്. എം പി വിൻസന്റ്, യു രാജീവ് എന്നിവർക്ക് ഇളവ് നൽകണമെന്ന കെ സി വേണുഗോപാലിന്റെ ആവശ്യം എ, ഐ ഗ്രൂപ്പുകളുടെ എതിർപ്പിനെ തുടർന്ന് അംഗീകരിച്ചില്ല. അതേസമയം, താനും ഉമ്മൻചാണ്ടിയും പട്ടിക സംബന്ധിച്ച് സമ്മർദം ചെലുത്തിയിട്ടില്ലെന്ന വാദവുമായി രമേശ് ചെന്നിത്തല രംഗത്തുവന്നു. എ, ഐ ഗ്രൂപ്പുകളുടെ ഇടപെടൽ മൂലമാണ് പട്ടിക വൈകുന്നതെന്ന വേണുഗോപാലിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘ലിസ്റ്റ് ചോദിച്ചു. നൽകി. അല്ലാതെ ഒരു ഇടപെടലുമുണ്ടായില്ല. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും’–- ചെന്നിത്തല പറഞ്ഞു. പട്ടിക വരട്ടെ, കാണാമെന്നാണ് മുൻ ഭാരവാഹികളടക്കമുള്ളവരുടെ നിലപാട്.