കൊല്ലം അഞ്ചൽ സ്വദേശി ഉത്രയെ മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിലാണ് ഭര്‍ത്താവ് സൂരജിന് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളിൽ അപൂര്‍വമാണെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ പ്രതിയുടെ പ്രായവും മുൻപ് കേസുകളില്ലെന്ന ആനുകൂല്യവും കണക്കിലെടുത്ത് പ്രതിയ്ക്ക് വധശിക്ഷ നല്‍കാൻ കോടതി തയ്യാറായില്ല.
Also Read:
കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനുമാണ് സൂരജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തെളിവു നശിപ്പിച്ചതിനു 7 വര്‍ഷം തടവും വിഷവസ്തു ഉപയോഗിച്ചതിന് 10 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. കൂടാതെ തെളിവ് നശിപ്പിച്ചതിന് പതിനായിരം രൂപ പിഴയും വിഷവസ്തു ഉപയോഗിച്ചതിന് 25000 രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകശ്രമത്തിന് 50,000 രൂപ പിഴയും കൊലക്കുറ്റത്തിന് അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
Also Read:
ജീവപര്യന്തം ശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നാണെന്നും സര്‍ക്കാരുകള്‍ ഇളവ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുറത്തിറങ്ങാൻ സാധിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോടു പറഞ്ഞു. 17 വര്‍ഷം തടവുശിക്ഷ അനുഭവിച്ച ശേഷം പ്രതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനൊഴികെ എല്ലാ കുറ്റങ്ങള്‍ക്കും പരമാവധി ശിക്ഷ ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അപൂർവങ്ങളിൽ അപൂർവമെന്നു കണ്ടെത്തിയ കേസിൽ പ്രതിയ്ക്ക് പ്രായത്തിൻ്റെ ഇളവു നൽകി വധശിക്ഷയിൽ ഇളവു നൽകിയ കോടതി വിധിയ്ക്കതിരെ നിയമവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. ശിക്ഷാവിധി പ്രഖ്യാപിക്കുന്ന നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സൂരജ് കോടതിയിൽ തുടരുകയാണ്.
അതേസമയം, പ്രതിയ്ക്ക് വധശിക്ഷ നല്‍കാൻ തയ്യാറാകാതിരുന്ന കോടതി നടപടിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും അവര്‍ അറിയിച്ചു. ഇത്തരത്തിലുള്ള കോടതി വിധികളാണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാൻ കാരണമാകുന്നതെന്നും ഉത്രയുടെ അമ്മ പറഞ്ഞു. അതേസമയം, ശിക്ഷാവിധി കോടതിയാണ് തീരുമാനിക്കേണ്ടതെന്നും കോടതിവിധിയിൽ തൃപ്തനാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ഹരിശങ്കര്‍ പറഞ്ഞു.