തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് വിട്ടുകൊടുക്കുന്നതിലൂടെ സ്വകാര്യ മേഖലയിലേക്കുള്ള ഏറ്റവും വലിയ കൈമാറ്റത്തിനു സംസ്ഥാനം സാക്ഷിയാകും. സംസ്ഥാനത്തെ ആദ്യ വിമാനത്താവളമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
ധനസമാഹരണ പാക്കേജിന്റെ ഭാഗമായി കേരളത്തിൽ പ്രവർത്തിക്കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്(ബി.ഇ.എം.എൽ.), ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ്(എച്ച്.എൽ.എൽ.) എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.
സ്വകാര്യവഴിയേ ബി.ഇ.എം.എൽ.
ആദ്യഘട്ടത്തിൽ ബി.ഇ.എം.എൽ. സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനാണ് സർക്കാർ പ്രധാന പരിഗണന നൽകുക. നിലവിൽ 54 ശതമാനം ഓഹരിയാണ് കേന്ദ്രസർക്കാരിന്റെ പക്കൽ. ഇതിൽ 26 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കം. 26 ശതമാനമാണെങ്കിലും ബി.ഇ.എം.എല്ലിന്റെ നിയന്ത്രണം പൂർണമായും വിട്ടുകൊടുത്തുകൊണ്ടാണ് ഓഹരിവിൽപ്പനയെന്ന് തൊഴിലാളി സംഘടനകൾ കുറ്റപ്പെടുത്തുന്നു. ബെംഗളൂരു, മൈസൂരു, കോളാർഖനി, പാലക്കാട് യൂണിറ്റുകളാണ് ബി.ഇ.എം.എല്ലിനുള്ളത്. വിറ്റഴിക്കലിനായി താത്പര്യപത്രം ക്ഷണിച്ചപ്പോൾ ആറ് കമ്പനികളാണ് മുന്നോട്ടുവന്നത്. ഇതിൽ നാലെണ്ണം ഇന്ത്യൻ കമ്പനികളും രണ്ടെണ്ണം വിദേശ കമ്പനികളുമാണ്. റെയിൽവേ കോച്ചുകൾ, മെട്രോ കോച്ചുകൾ, പ്രതിരോധവിഭാഗത്തിനു വേണ്ടിയുള്ള ഉപകരണങ്ങൾ എന്നിവയാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്. കാര്യക്ഷമത കുറഞ്ഞതും ഈ മേഖലയിൽ പരിചയമില്ലാത്തതുമായ കമ്പനികളാണ് ഇപ്പോൾ താത്പര്യം അറിയിച്ചുവന്നതെന്ന് ബി.ഇ.എം.എൽ. എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഗിരീഷ് പറഞ്ഞു.
എച്ച്.എൽ.എല്ലും പട്ടികയിൽ
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. എന്നാൽ, നിലവിൽ ഒരു കമ്പനിയും മുന്നോട്ടുവന്നില്ലെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ പക്കലുള്ള നൂറുശതമാനം ഓഹരികളും കൈമാറാനാണ് നീക്കം. 1440 ജീവനക്കാരാണ് എച്ച്.എൽ.എല്ലിൽ പ്രവർത്തിക്കുന്നത്.
എച്ച്.എൻ.എൽ. അല്ല പേപ്പർ േപ്രാഡക്ട്സ് ലിമിറ്റഡ്
സംസ്ഥാന സർക്കാർ ഏറ്റെടുത്ത കോട്ടയം ജില്ലയിലെ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, കേരള പേപ്പർ േപ്രാഡക്ട്സ് ലിമിറ്റഡ് എന്നപേരിലാണ് പ്രവർത്തനം പുനരാരംഭിക്കുക. ഇതിനായി സ്പെഷ്യൽ ഓഫീസറെയും നിയമിച്ചുകഴിഞ്ഞു. ആകെയുള്ള 700 ഏക്കറിൽ മുന്നൂറ് ഏക്കറിൽ കേരള പേപ്പർ േപ്രാഡക്ട്സും 400 ഏക്കറിൽ കിൻഫ്രയുടെ റബ്ബർപാർക്കുമാണ് ആരംഭിക്കുക.
Content Highlights:first airport in kerala- largest transfer to the private sector-thiruvananthapuram airport