തിരുവനന്തപുരം
കോവിഡാനന്തര ആഗോളതൊഴിൽ വിപണിയുടെ സ്പന്ദനങ്ങൾ കേരളയുവതയ്ക്ക് മുന്നിൽ അവതരിപ്പിച്ച് ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലും ഓൺലൈനായുമായിരുന്നു സമ്മേളനം. ഫിക്കിയുടെ സഹകരണത്തോടെ നോർക്ക വകുപ്പാണ് സംഘടിപ്പിച്ചത്.
ജർമനി, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ സംസാരിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെ നയതന്ത്രപ്രമുഖർ ചർച്ചയിൽ പങ്കെടുത്തു. കായികാധ്വാനം മാത്രമല്ല, വൈറ്റ് കോളർ തൊഴിലുകൾക്കും പ്രവാസികൾ തയ്യാറെടുക്കണമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കുമാർ പറഞ്ഞു.
സൗദിയുടെ ‘മിഷൻ 2030’ പ്രവാസികൾക്ക് നിരവധി അവസരങ്ങളൊരുക്കുന്നെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസെഫ് സയീദ് പറഞ്ഞു. സ്ത്രീകൾക്കുള്ള സാധ്യതയെക്കുറിച്ച് കുവൈത്തിലെ ഇന്ത്യൻ മിഷൻ ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ സംസാരിച്ചു. ഖത്തർ എംബസി സെക്കൻഡ് സെക്രട്ടറി സോനാ സോമൻ അവിടത്തെ തൊഴിൽ സാധ്യത വിശദീകരിച്ചു.
ജപ്പാനിലെ വിദഗ്ധമേഖലയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ നോർക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു. നിലവിലുള്ളതും പുതിയതുമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ നോർക്ക സ്വീകരിക്കുന്ന നടപടികളെ അദ്ദേഹം പ്രശംസിച്ചു. അന്തർദേശീയതലത്തിലെ തൊഴിൽദാതാക്കളും സംസാരിച്ചു. സമാപന സെഷനിൽ സ്പീക്കർ എം ബി രാജേഷ് മുഖ്യാതിഥിയായി. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി.