ന്യൂഡൽഹി
രാജ്യം അഭിമുഖീകരിക്കുന്ന കൽക്കരി ക്ഷാമം അടിയന്തരമായി പരിഹരിച്ച് മോദി സർക്കാർ ഉത്തരവാദിത്വം നിറവേറ്റണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. വൈദ്യുതി ഉൽപ്പാദനത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ തങ്ങൾക്കുള്ള പങ്ക് നിഷേധിക്കുന്ന നിലപാടാണ് സർക്കാരിന്റേത്.
രാജസ്ഥാൻ, ജാർഖണ്ഡ്, ബിഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പവർക്കട്ട് മണിക്കൂറുകൾ നീളുകയാണ്. മഹാരാഷ്ട്ര, കേരളം, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ പവർക്കട്ടിനെ അഭിമുഖീകരിക്കുകയാണ്. ഒക്ടോബർ ആറിന്റെ കേന്ദ്ര വൈദ്യുതി അതോറിറ്റി റിപ്പോർട്ടുപ്രകാരം 16,880 മെഗാവാട്ട് ഉൽപ്പാദനശേഷിയുള്ള 16 ഊർജനിലയത്തിൽ ഒരു ദിവസത്തേക്കുപോലുമുള്ള കൽക്കരി ശേഖരമില്ല. 97,819 മെഗാവാട്ട് ശേഷിയുള്ള 76 വൈദ്യുതനിലയത്തിൽ നാലു ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് ശേഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ കൽക്കരി വില ടണ്ണിന് 60 ഡോളർ നിരക്കിൽനിന്ന് 180–-200 ഡോളറായി ഉയർന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഇറക്കുമതി കൽക്കരിയെ ആശ്രയിച്ചിരുന്ന ടാറ്റയുടെ മുന്ധ്ര സ്റ്റേഷനിൽ താപനിലയങ്ങൾ അടച്ചു.
വൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായത്രയും കൽക്കരിയും ഖനന ശേഷിയും ഇന്ത്യക്കുണ്ട്. ആസൂത്രണമില്ലായ്മയും പിടിപ്പുകേടുമാണ് ഇപ്പോഴത്തെ കൽക്കരി പ്രതിസന്ധിക്ക് കാരണം. ഊർജ–- കൽക്കരി മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം നിർവഹിക്കുകയെന്ന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു. ഇത് മറച്ചുവച്ച് കോൾ ഇന്ത്യയെ ബലിയാടാക്കാനാണ് സർക്കാർ ശ്രമം.
മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം, ആസൂത്രണം തുടങ്ങി ലളിതമായ കാര്യങ്ങൾ നിർവഹിക്കുന്നതിൽ മോദി സർക്കാരിന് സംഭവിച്ച പിടിപ്പുകേടിന്റെ അനന്തരഫലമാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്–- പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.