മുംബൈ > ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും മലയാളിയുമായ പ്രീതി ശേഖറിനെ മുംബൈയിൽ അറസ്റ്റ് ചെയ്തു. 2013ൽ തൊഴിലില്ലായ്മയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സമരത്തിന്റെ പേരിലെടുത്ത കേസിലാണ് അറസ്റ്റ്. പൊലീസിനെ കൈയേറ്റം ചെയ്തെന്ന് ജാമ്യമില്ലാ കുറ്റം ചുമത്തിയെടുത്ത കേസിലാണ് ആസാദ് മൈതാൻ പൊലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് നിയന്ത്രണം കാരണം കോടതിയിൽ ഹാജരാകാൻ സാധിക്കാതിരുന്ന സാഹചര്യം പൊലീസ് മുതലെടുത്ത് രാഷ്ട്രീയ പകപോക്കുകയാണെന്ന് പ്രീതി ശേഖർ പറഞ്ഞു. ട്രെയിൻ യാത്രയ്ക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്. നിലവിൽ ഒരു ഡോസേ ലഭിച്ചിട്ടുള്ളൂ. ഇതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അവകാശസമരങ്ങളെ അടിച്ചമർത്താനുള്ള നടപടിയുടെ ഭാഗമാണിതെന്നും അവർ പറഞ്ഞു. രണ്ട് വർഷംമുമ്പും മറ്റൊരുകേസിൽ പ്രീതി ശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.