കോഴിക്കോട്: മാർക്കറ്റിങ് സ്ട്രാറ്റജി വെച്ചാണ് ബിജെപി മുസ്ലിങ്ങളെ തേടിപ്പിടിക്കുന്നതെന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ച താഹ ബാഫഖി തങ്ങൾ. മനുഷ്യരല്ല ബിജെപിക്ക് വലുത് മതമാണ്. അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പേരക്കുട്ടി എന്ന മാർക്കറ്റിങ്ങാണ് എന്നെ ഉപയോഗിച്ച് അവർ ഉണ്ടാക്കിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് പ്രൈംടൈമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയിൽ ചേരുന്ന സമയത്ത് എനിക്കത് മനസ്സിലായിരുന്നില്ല. മാധ്യമങ്ങളിലൂടെ ഒരാഴ്ച എന്റെ പേരിൽ പ്രചാരണം നടത്തി. സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്ത് ഞാൻ ഓഫീസും പാർട്ടി പ്രവർത്തനങ്ങളും നടത്തിയിട്ടും അതിനൊരു അംഗീകാരം തന്നില്ല.
ശ്രീധരൻപിള്ള ഗവർണറായപ്പോൾ കോഴിക്കോട് അളകാപുരിയിൽ നടന്ന ഒരു പരിപാടിയിൽ എന്നെയും എന്റെ സമുദായത്തേയും അവഹേളിച്ചു. സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയും ഉണ്ടായില്ല-താഹ ബാഫഖി തങ്ങൾ പറഞ്ഞു.
അളകാപുരിയിലെ പരിപാടിക്കുശേഷം ശ്രീധരൻ പിള്ളയെ പരിചയപ്പെടാനായി പോയപ്പോൾ നീ മുസ്ലിമല്ലേ എന്നും പറഞ്ഞ് സ്റ്റേജിൽ നിന്നും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരാൾ പിടിച്ചുതള്ളി. ശ്രീധരൻ പിള്ള അദ്ദേഹത്തെ ശാസിച്ചു. അതിന് ശേഷവും അവഹേളനം നേരിട്ടു.
പൗരത്വ വിഷയമുണ്ടായിരുന്ന ഘട്ടത്തിൽ ചാനലിലൂടെ രാജിവെക്കുകയാണെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ എന്നോട് നേതാക്കൾ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു. കെ.സുരേന്ദ്രന്റെ യാത്രയിൽ ഉപഹാരം നൽകി സ്വീകരിക്കാമെന്ന് പറഞ്ഞു. പിന്നീട് വിളിച്ചിട്ടില്ലെന്നും താഹ തങ്ങൾ പറഞ്ഞു.