അയർലണ്ടിലെ ഏറ്റവും വലുതും ശക്തവുമായ കോട്ടയായ ഡോനിഗൽ കോട്ട (Donegal Castle)യെ പറ്റി അയർലണ്ടില് നിന്ന് ബിജി ഗോപാലകൃഷ്ണന് എഴുതുന്നു.
ബിജി ഗോപാലകൃഷ്ണൻ
ഡോനിഗലിൽ താമസമാക്കിയിട്ട് വർഷങ്ങൾ ഏറെയായെങ്കിലും ഐറിഷ് ചരിത്രത്തിലെ സുപ്രധാന ലാൻഡ് മാർക്കായ ഡോനിഗൽ കോട്ട (Donegal Castle ) കാണാൻ കഴിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. ഡോനിഗൽ ടൗണിൽ സ്മാക്ക് ബാങ് എന്ന് പേരിട്ടിരിക്കുന്ന കാസിൽ സ്ട്രീറ്റിലാണ് ചരിത്രപ്രധാനമായ ഈ കോട്ട നിലകൊള്ളുന്നത്. അയർലണ്ടിലെ ഏറ്റവും വലുതും ശക്തവുമായ കോട്ടയാണിത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ആ കോട്ടയുടെ ഉള്ളിൽ പ്രവേശിയ്ക്കുമ്പോള് പ്രതിരോധത്തിന്റെയും ചരിത്ര നിഗൂഢതകളുടെയും ഒരു വിരുന്നാണ് കണ്മുന്നിൽ നിറഞ്ഞത്.
ഡോനിഗൽ കോട്ട
കാലത്തു ഒൻപതര മുതൽ വൈകുന്നേരം നാലര വരെയാണ് സന്ദർശന സമയം. കോട്ടയുടെ സംരക്ഷണത്തിന്റെ ഭാഗമായി ബാങ്ക്റ്റിംഗ് ഹാൾ (Banqueting Hall )വരെയേ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. കോട്ടയുടെ പ്രവേശനകവാടത്തിൽ ചെറിയ ഒരു ഓഫീസിൽ മുറിക്കു സമാനമായി സജ്ജീകരിച്ചിടത്താണ് കാസിലിന്റെ മേൽനോട്ടം വഹിക്കുന്ന, ട്രേസി, നിറഞ്ഞ പുഞ്ചിരിയോടെ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിൽ റെഡ് ഹ്യൂ ഓ’ഡോണലാണ് (Red Hugh O’Donnell ) ഡോനിഗൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, എസ്കെ നദിക്കു സമീപത്തായി തന്റെ സ്വകാര്യ കോട്ടയായി യാക്കോബിയൻ ശൈലിയിൽ ഡൊനെഗൽ കോട്ട (Donegal Castle ) പണികഴിപ്പിച്ചത് .
എസ്കെ നദി
പ്രാദേശികമായി ലഭിക്കുന്ന ചുണ്ണാമ്പുകല്ലിൽ ചില മണൽക്കല്ലുകൾ ചേർത്ത് ഉപയോഗിച്ചാണ് കോട്ടയുടെ മിക്ക കല്ലുകളും നിർമിച്ചിരിക്കുന്നത്.
അദ്ദേഹവും ഭാര്യ നുവലയും എസ്കെ നദിക്ക് കുറുകെ ഒരു ഫ്രാൻസിസ്കൻ മഠം പണിതു ഒരു തുരങ്കത്തിലൂടെ കോട്ടയോടു ബന്ധിപ്പിച്ചിരുന്നതായി പ്രാദേശികമായ ഒരു ഐതീഹ്യം നില നിൽക്കുന്നുണ്ട് . അതേക്കുറിച്ചോർത്തു castle സൂക്ഷിപ്പുകാരി ,ട്രേസിയോട് ചോദിച്ചെങ്കിലും പുരാവസ്തു ഗവേഷകർക്ക് അതേസംബന്ധിച്ചു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. 5 മുതൽ 16 നൂറ്റാണ്ടുകൾ വരെ അയർലണ്ടിലെ ഏറ്റവും ശക്തമായ ഗാലിക് കുടുംബങ്ങളിലൊന്നായ ടൈർ കോനൈൽ (Lords of Tír Conaill ) പ്രഭുക്കന്മാരായ ഒ’ഡൊണൽ( O’Donnell ) വംശത്തിന്റെ ശക്തികേന്ദ്രമായിരുന്നു ഡോനിഗൽ കോട്ട.
ഇംഗ്ലീഷ്ക്കാർക്കെതിരെ ഒൻപതുകൊല്ലം നീണ്ടുനിന്ന കിൻസെയ്ൽ യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന വേളയിൽ റെഡ് ഹ്യൂ ഓ’ഡോണലിനു ഗത്യന്തരമില്ലാതെ സ്പെയിനിൽ അഭയം തേടണ്ട വന്നു. തന്റെ കോട്ട ഒരിക്കലും ഇംഗ്ലീഷുകാരുടെ കൈകളിൽ അകപ്പെട്ടു ഐറിഷ് ജനതയ്ക്കെതിരെയുള്ള ഒരു താവളമാകാതിരിക്കാൻ കോട്ടയ്ക്കു തീവെച്ചിട്ടാണ് അദ്ദേഹം പലായനം ചെയ്തത്. പക്ഷേ 1616 -ൽ ഇംഗ്ലീഷ് ക്യാപ്റ്റൻ സർ ബേസിൽ ബ്രൂക്ക് കോട്ടയുടെ പുതിയ പ്രഭുവായി. അദ്ദേഹം കോട്ടയെ പുനരുദ്ധാരണം ചെയ്തു ചില്ലുജാലകങ്ങളും മറ്റുംനല്കി മോടികൂട്ടുകയും കോട്ടയ്ക്കു സമീപമായി ചില കെട്ടിട സമുച്ചയങ്ങൾ കൂടി പണികഴിപ്പികുകയും ചെയ്തു. കാലക്രമേണ 1670 ൽ കോട്ടയുടെ അവകാശം ഗോർ കുടുംബത്തിന്റെ കൈകളിലായി.
ഇരുപതാം നൂറ്റാണ്ടിൽ ആ കെട്ടിട സമുച്ചയം നശിച്ചെങ്കിലും 1990കളയപ്പോഴേക്കും സർക്കാർ പൊതുമരാമത്തു വകുപ്പ് കോട്ടയെ ഏറ്റെടുത്തു അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇന്നത് കഴിഞ്ഞ കാലത്തിന്റെ മഹിമയും പൈതൃകവും പുതുതലമുറയ്ക്ക് പകർന്നേക്കാൻ ചരിത്രത്തെ പ്രകാശിപ്പിച്ചുകൊണ്ടു എസ്കെ നദിക്കരയിൽ കാലത്തോട് പടവെട്ടി നിലകൊള്ളുന്നു.
കല്ലുകൾ ചരിത്രം പുനഃരാവിഷ്കരിക്കുന്ന ഈ കോട്ടയിൽ കാണാനും മനസ്സിലാക്കാനും അനേകം കാര്യങ്ങളാണുള്ളത്. കോട്ടയുടെ മുറ്റത്തേക്ക് കടക്കുമ്പോൾ തന്നെ ഒരു തരം നനുനനുത്ത തണുപ്പാണ് സ്വാഗതം ചെയ്യുക.
വെടിപ്പോടെ സുന്ദരമായി വെട്ടിയൊതുക്കിയ പുൽത്തകിടിയാണ് ഇന്ന് നമ്മെ ആകർഷിക്കുന്നതെങ്കിൽ നൂറ്റാണ്ടുകൾക്കു മുൻപ് ആയൂർരേഖയുടെ ചുവപ്പുവരയെ പോലും തിരുത്തിയ അസാധാരനായ ചില നാട്ടുമരുന്നുകളുടെ ശേഖരമായിരുന്നു ആ മുറ്റം നിറയെ. യാക്കോബിയൻ ശൈലിയിൽ നിർമ്മിച്ച മാനർ-ഹൗസിന്റെ അവശിഷ്ടങ്ങളും പ്രഭുത്വത്തിന്റെ ആഢ്യതയുടെ പ്രതീകങ്ങളായി കോട്ടയുടെ അങ്കണത്തിൽ നിലകൊള്ളുന്നു.
കോട്ടയുടെ വലതുവശത്താണ് തടിയിൽ തീർത്ത പ്രവേശനകവാടം. പ്രധാനവാതിലിനു വലതുവശത്തേക്കു നീങ്ങിയാൽ കനത്ത കൽഭിത്തികളാൽ തീർത്ത തുറസായ രണ്ടു മുറികളിലാണ് എത്തുക. ത്രികോണാകൃതിയിൽ പണിതിരിക്കുന്ന ഇടുങ്ങിയ ജനാലയിലൂടെ വെളിച്ചത്തിന്റെ നൂലിഴകൾ അരിച്ചു കടക്കുന്നുണെങ്കിലും സന്ദർശകരുടെ സൗകര്യാർത്ഥം അവിടം വൈദ്യുതീകരിച്ചിട്ടുണ്ട്. ഇരുമ്പിലും തടിയിലുമായി നിർമ്മിച്ച പലതരം കാര്ഷികോപകരണങ്ങളും ആയുധങ്ങളും മണ്പാത്രങ്ങളും നെയ്ത്തു കുട്ടകളും വെള്ളവും വീഞ്ഞും സംഭരിച്ചിരുന്ന മരവീപ്പകളും മറ്റും ആ മുറികളിൽ കാഴ്ചക്കാർക്കായി സൂക്ഷിച്ചിരിക്കുന്നു.
സന്ദർശകർക്ക് ഒരു ടൂർ ഗൈഡിന്റെ അഭാവം അനുഭവപ്പെടാത്ത വിധത്തിൽ ചുവരുകളിൽ വിവരങ്ങൾ കൊടുത്തിരിക്കുന്നതു എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്.
ഡോനിഗൽ കാസിലിൽ ഏറ്റവും ആകർഷകമായി തോന്നിയത് 543 വർഷം പഴക്കമുള്ള പൂർണ്ണമായും കല്ലിൽ നിർമിച്ച
സ്പൈറൽ സ്റ്റെയർവേ
സ്പൈറൽ സ്റ്റെയർവേയാണ്. സംശയത്തിന് തെല്ലുമിട നൽകാതെ വ്യത്യസ്ത ഉയരങ്ങളിൽ അസമമായി നിർമിച്ച പടികൾ അനധികൃതമായി കോട്ടയിൽ കടക്കുന്നവരെ തന്ത്രപരമായി കുടുക്കാനുള്ള ഉദ്ദേശത്തിൽ ഓ’ഡൊണൽ പ്രഭു സ്വയം രൂപകൽപന ചെയ്തതാണ്. വീഴാതെ ആ സ്റ്റെയർവേയിലൂടെ മുകളിലെത്താൻ ഏറെ പണിപ്പാടാണ്. സ്റ്റെയർവേയിലൂടെ ഒന്ന് വട്ടം ചുറ്റിയാൽ ഇടതുവശത്തായി മറ്റൊരു ഇടുങ്ങിയ മുറി കാണാം. ഗാർഡറോബ് എന്ന് ഗോഥിക് യുഗത്തിൽ വിളിച്ചിരുന്ന ശൗചാലയമാണത്. കല്ലുകൊണ്ട് ഉയർത്തിക്കെട്ടിയ ഒരു പ്രതലത്തിൽ തടികൊണ്ടുള്ള ഒരു ഇരിപ്പിടമുണ്ടാക്കിയിരിക്കുന്നു. ഇരിപ്പിടത്തിനു മധ്യത്തിലായി കൊടുത്തിരിക്കുന്ന ദ്വാരത്തിലൂടെ മാലിന്യങ്ങൾ കോട്ടമതിലിൽ കെട്ടിയിട്ടിരിക്കുന്ന ഒരു ചാലിലും താഴെയുള്ള ഒരു കുഴിയിലേക്കും വീഴുന്ന തരത്തിലാണത് സജ്ജീകരിച്ചിരിക്കുന്നത്.
സ്പൈറൽ കോവണി കേറി മുകളിലെത്തിയാൽ അതിവിശാലമായ ബാങ്ക്റ്റിംഗ് ഹാളിലാണ് (Banqueting Hall )എത്തുക. മിനുസമുള്ള തടിയിൽ നിർമിച്ച നിലത്തിന്റെ തിളക്കത്തിന് ഇന്നും തെല്ലു കോട്ടം സംഭവിച്ചിട്ടില്ല. ബാങ്ക്റ്റിംഗ് ഹാളിന്റെ ചുവരുകളിൽ ബ്രൂക്ക് കുടുംബത്തിന്റെ ആയുധശേഖരങ്ങളും ആ കാലഘട്ടത്തിലെ ചില സംഗീതോപകരണങ്ങളും തുണിത്തരങ്ങളും , കാട്ടു പന്നിയുടെ സ്റ്റഫ് ചെയ്ത തലയും , കാലമാന്റെ കൊമ്പും മറ്റുമായി അലങ്കരിച്ചിരിക്കുന്നു.
ബാങ്ക്റ്റിംഗ് ഹാളിന്റെ ഒത്ത നടുക്ക് അനവധി രാജകീയ സൽക്കാരങ്ങൾക്കു വേദിയായ ഭക്ഷണമുറിയാണ്. ഓക്ക് തടിയിൽ തീർത്ത തീന്മേശയ്ക്ക് സാമാന്യത്തിലുമധികം നീളമുണ്ട്. ഇതിനു ചുറ്റും കസേരകൾ ക്രമീകരിച്ചിരിക്കുന്നു.
ബാങ്ക്റ്റിംഗ് ഹാൾ
ബാങ്ക്റ്റിംഗ് ഹാളിനു ചുറ്റും കലാസൃഷ്ടിപോലെ അതിശയിപ്പിക്കുന്ന കൊത്തുപണികളാൽ സമ്പന്നമാക്കിയ ഗൃഹോപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും തീന്മേശയ്ക്കു സമീപമായി നിർമ്മിച്ചിരിക്കുന്ന നെരിപ്പോടിന്റെ ശില്പചാരുതയാണ് കാഴ്ച്ചക്കാരെ ആദ്യമാകർഷിക്കുക.
നെരിപ്പോടിന്റെ ശില്പചാരുത
ഹിസ്റ്ററി റൂം എന്ന് പേര് നൽകിയിരിക്കുന്ന മുകൾ നില ഓ ‘ഡോണൽ കുടുംബത്തിന്റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്ന ഡിസ്പ്ലേകളും സ്കെയിൽ മോഡലുകളും കൊണ്ട് നിറച്ചിരിക്കുകയാണ്. ബാങ്ക്റ്റിംഗ് ഹാളിനു തൊട്ടുമുകളിലുള്ള നിലയെ ബെഡ്റൂം ചേംബർ എന്നും അഡ്മിനിസ്ട്രേറ്റീവ് ചേംബർ എന്നുമായി രണ്ടായി തിരിച്ചിരിക്കുന്നു. കോട്ടയുടെ ഏറ്റവും മുകളിൽ (Attic ) പരിചാരകർക്കും പട്ടാളക്കാർക്കുമായി ഒരുക്കിയ താമസസ്ഥലമാണ്.
ഡോനിഗൽ കോട്ട തികച്ചും ഒരു അത്ഭുതമാണ്, പ്രത്യേകിച്ചും വർഷങ്ങളോളം നീണ്ട നിരവധി യുദ്ധങ്ങളും പ്രക്ഷുബ്ധമായ ചരിത്രമുഹൂര്ത്തങ്ങളും അതിജീവിച്ചു ഇന്നും നിലനിൽക്കുന്നു എന്നത്. അയർലണ്ടിലെ ഏറ്റവും ശക്തരായ പ്രഭു കുടുംബമായിരുന്ന ഓ’ഡോണലിന്റെ വീട്, ഒരിക്കലും തകരില്ലെന്ന് ,കാലത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും എസ്കെ നദിക്കരയിൽ ഡോനിഗൽ കോട്ട തലയുയർത്തി നിൽക്കുന്നു.