തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ. അധികാരം കവർന്നെടുക്കലാണെന്ന് നിയമസഭയിൽ എതിർപ്പ് പരസ്യമാക്കിയ മന്ത്രി ധനവകുപ്പിന്റെ ഉത്തരവിനെതിരായ നിയമസാധുത പരിശോധിക്കുമെന്നും നിലപാട് കടുപ്പിച്ചു.
ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ ഭരണ അധികാരത്തെ ബാധിക്കുമെന്നും,അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുമെന്ന ആക്ഷേപത്തെ ഗൗരവമായി കാണുന്നുവെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. തദ്ദേശ വകുപ്പുമായി കൂടിയാലോചനയോ ചർച്ചയോ ഇല്ലാതെയാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവിറക്കിയത് തദ്ദേശ വകുപ്പുമായി ചർച്ച ചെയ്യാതെയെന്ന് നേരത്തെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ അധികാരം കവർന്നെടുക്കാനല്ലെന്നും ധനമന്ത്രി ബാലഗോപാൽ വിശദീകരിച്ചു. 2022 ഏപ്രിൽ ഒന്ന് മുതൽ വാടക, നികുതി ഇനത്തിൽ ലഭിക്കുന്ന തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കമെന്നാണ് ഉത്തരവ്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ലെന്നും ട്രഷറിയിലെ ധനകാര്യ മാനേജ്മെന്റിന്റെ ഭാഗമായിട്ടാണ് ഉത്തരവെന്നും ധനമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിലാണ് മന്ത്രിമാരുടെ വിശദീകരണം.
Content Highlights: mv govindan against finance department`s order on depositing local body fund in treasury