നെടുമ്പാശേരി> പെരിങ്ങൽകുത്ത് ഡാമിൻ്റെ ഷട്ടർ തുറന്നതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിയ്ക്കുകയാണ്. പുഴയുടെ ഇരുകരകളിലുമായി താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയാണ്.
എറണാകുളം ജില്ലയിലെ വടക്കൻ പ്രദേശങ്ങളായ പാറക്കടവ്, കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ രാവിലെ 6 ന് ശേഷം പുഴയിലെ ജലനിരപ്പ് ഒരു മീറ്ററിലധികം ഉയർന്നിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ രാത്രിയോടെ വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയിലാണ് താഴ്ന്ന പ്രദേശത്തുള്ളവർ.
രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസകരമായ സൂചനയാണെന്ന് പാറക്കടവ് പഞ്ചായത്തിലെ പൂവ്വത്തുശേരി പ്രദേശവാസികൾ പറഞ്ഞു.
അതേസമയം പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നു. അതിനാൽ പറമ്പികുളത്തു നിന്ന് തുറന്നു വിടുന്ന ജലത്തിൻ്റെ അളവ് കുറച്ചു . ചാലക്കുടിയിൽ കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ-0480 2705800, 8848357472