തിരുവനന്തപുരം> തീരദേശ പ്ലാന് തയ്യാറാക്കാനുള്ള നടപടികള് ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ ബാബുവിന്റെ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്ലാൻ സമർപ്പിക്കാതെ വീഴ്ച വരുത്തിയവർ ഇപ്പോൾ കാലതാമസത്തെകുറിച്ച് ആകുലപ്പെടുന്നത് കാപട്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ പരിപാലന പ്ലാന് തയ്യാറാക്കുന്നത് പരിസ്ഥിതി വകുപ്പാണ്. നിലവിലുള്ള നിയമപ്രകാരം തീരദേശപരിപാലന കരട് വിജ്ഞാപനം തയ്യാറാക്കേണ്ടതുണ്ട്. അതിനുശേഷം പൊതുജനങ്ങള്ക്കു മുമ്പാകെ ഇത് അവതരിപ്പിച്ച് അവരുടെ അഭിപ്രായം സ്വീകരിക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ചുരുങ്ങിയത് നോട്ടീസ് നല്കി ഒരു മാസത്തെ സമയമെങ്കിലും ഇക്കാര്യത്തില് അനുവദിക്കേണ്ടതുണ്ട്. അതിനുശേഷം ഓരോ ജില്ലയിലും പൊതുജനങ്ങളെ കേള്ക്കേണ്ടതുണ്ട്. ഇതിന് സാധാരണ നിലയില് രണ്ട് മാസത്തോളം സമയമെടുക്കും.
ഈ അഭിപ്രായങ്ങള് സ്വീകരിച്ച് കരട് പ്ലാനില് ഭേദഗതി വരുത്തി കേന്ദ്രസര്ക്കാരിന്റെ ടെക്നിക്കല് സ്ക്രൂട്ടണിംഗ് കമ്മിറ്റിയുടെ പരിശോധനക്ക് സമര്പ്പിക്കണം. ആ കമ്മിറ്റി നിര്ദ്ദേശിക്കുന്ന ശുപാര്ശകള് കൂടി പരിഗണിച്ച് കരട് പ്ലാന് ഭേദഗതി ചെയ്ത് സംസ്ഥാന സര്ക്കാരിന്റെ ശുപാര്ശയോടെ കേന്ദ്രസര്ക്കാരിന് സമര്പ്പിക്കണം. ഇത്രയും നടപടിക്രമങ്ങള് പൂര്ത്തിയാക്കിയാല് മാത്രമേ സംസ്ഥാനത്തിന്റെ അന്തിമ പ്ലാന് കേന്ദ്രസര്ക്കാരിന് സമര്പ്പിക്കാന് കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില് സര്ക്കാരിന്റെ പ്രവര്ത്തനവും ജനജീവിതവും കഴിഞ്ഞ രണ്ടു വര്ഷമായി സുഗമമായല്ല നടക്കുന്നത്. പബ്ലിക് ഹിയറിംഗ് പോലുള്ള ഒരു രീതിയിലേക്ക് ഈ സാഹചര്യത്തില് കടക്കുക പ്രയാസകരമാണ് . സാഹചര്യങ്ങള് അനുകൂലമായാല് ഉടന്തന്നെ ആവശ്യമായ നടപടിക്രമങ്ങളിലേക്ക് കടക്കും.
2014 വരെ കേന്ദ്രം ഭരിച്ചതു കോണ്ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയാണ്. കേന്ദ്രവും സംസ്ഥാനവും ഒരേ പാര്ട്ടി ഭരിച്ചപ്പോള് വേണ്ടതു ചെയ്യാതെ കാലതാമസമുണ്ടാക്കിയവരാണ് ഇപ്പോള് കാലതാമസത്തെക്കുറിച്ചു പറയുന്നത്. യുപിഎ കേന്ദ്രം ഭരിച്ച ഘട്ടത്തില് കേരളത്തില് അനുകൂലമാവും വിധത്തില് തൃപ്തികരമായ വിധമുള്ളപ്പോള് പ്ലാന് തയ്യാറാക്കി സമര്പ്പിക്കാത്തതില് വീഴ്ച വരുത്തിയവരാണ് ഇപ്പോള് കാലതാമസത്തെക്കുറിച്ച് പറയുന്നത്. ഇതു കാപട്യമാണ്.കഴിഞ്ഞ തവണ വിജ്ഞാപനം തയ്യാറാക്കുന്നതിന് എട്ട് വര്ഷമെടുത്തുവെന്നത് കാണാതെ പോകരുത്.
2011-ലെ തീരദേശ പരിപാലന നിയമത്തില് ഭേദഗതി വരുത്തി കേന്ദ്രസര്ക്കാര് 18.01.2019-ല് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇത് സംബന്ധിച്ച മാര്ഗ്ഗരേഖ സംസ്ഥാനത്തിന് ലഭിച്ചത് 2019 ജൂണ് മാസമാണ്.
ഇതിന്റെ അടിസ്ഥാനത്തില് ഒരു തീരദേശ പരിപാലന പ്ലാന് തയ്യാറാക്കി, അത് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് സമര്പ്പിച്ച് അംഗീകാരം നേടുന്നതിനുള്ള പ്രവര്ത്തനമാണ് സര്ക്കാര് നടത്തുന്നത്.
അതിന്റെ ഭാഗമായി തീരദേശ പരിപാലന പ്ലാന് തയ്യാറാക്കുന്നതിന് 20.08.2019-ലെ ഉത്തരവ് പ്രകാരം കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്ലാനിന്റെ ആദ്യ കരട് തയ്യാറായിട്ടുണ്ട്. ഇതില് ചില അപാകതകള് ശ്രദ്ധയില്പ്പെട്ടപ്പോഴാണ് 2021 ഏപ്രില് മാസത്തില് പ്രീ-ഡ്രാഫ്റ്റ് ലഭിച്ചപ്പോള് തന്നെ കരട് തീരദേശ പ്ലാന് പരിശോധിച്ച് അപാകതകള് പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയും ഈ രംഗത്തെ വിദഗ്ധരായ ശ്രീ.പി.ഇസഡ്. തോമസ്, അഡ്വ.പി.ബി. സഹസ്രനാമന് എന്നിവരുമാണ് സമിതി അംഗങ്ങള്.
വേമ്പനാട്ട് കായലിനായുള്ള പ്രത്യേക സമഗ്ര പദ്ധതി സര്ക്കാര്, സര്ക്കാരിതര സ്ഥാപനങ്ങള് മുഖാന്തിരം പ്രവര്ത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ആദ്യ വര്ഷത്തെ പ്രവര്ത്തനങ്ങള്ക്കായി 140.75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ നിര്വ്വഹിക്കുക എന്നതാണ് സര്ക്കാരിന്റെ നയം. ജനങ്ങളുടെ ജീവനോപാധി സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്ത്തുന്നതിന് ഉതകുന്ന സമീപനം ഇക്കാര്യത്തില് സ്വീകരിക്കും. മുഖ്യമന്ത്രി പറഞ്ഞു.