കണ്ണൂർ: കണ്ണൂരിൽ എ.എസ്.ഐമാർക്ക് കൂട്ടത്തോടെ നിർബന്ധിത പരിശീലനം. കോവിഡ് ക്വാറന്റീൻ ജോലിയിൽ വീഴ്ച്ച വരുത്തിയതിനാണ് ശിക്ഷ. പത്ത് പേർ ഒരാഴ്ചത്തെശാരീരിക പരിശീലനത്തിന് പുറമേ മറ്റ് സ്റ്റേഷനിൽ അധിക ജോലിയും ചെയ്യണം. കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റംവരുത്തിയിട്ടും ശിക്ഷിക്കുകയാണെന്ന് പോലീസുകാർ പരാതിപ്പെടുന്നു. എന്നാൽ, കോവിഡ് ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് വകുപ്പുതല നടപടിയെന്നാണ് കമ്മീഷണർ ആർ. ഇളങ്കോ പറയുന്നത്.
ഓരോ പോലീസ് സ്റ്റേഷനുകളിലും ക്വാറന്റീൻ ലംഘനം പരിശോധിക്കാൻ ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നോഡൽ ഓഫീസർ ക്വാറന്റീൻ ലംഘനത്തിന്റെ പേരിൽ നിശ്ചിത എണ്ണം കേസുകൾ എടുക്കണം എന്നാണ് കമ്മീഷണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് കേസുകളുടെ എണ്ണം കുറവ് വന്നവർക്കാണ് ശിക്ഷ. 50 വയസിൽ കുടുതലുള്ളവരടക്കമാണ് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ കടുത്ത പരിശീലനം നടത്തുന്നത്. അര മണിക്കൂർ പരിശീലനവും അതിന് ശേഷം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ അധികജോലിയും ചെയ്യണമെന്നാണ് വകുപ്പുതല ശിക്ഷാനടപടി.
ക്വാറന്റീൻ ലംഘനത്തിന്റെ പേരിൽ കേസെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് പോലീസുകാർ പറയുന്നത്. കോവിഡ് മാനദണ്ഡം ആകെ മാറിയതോടെ ജനജീവിതം സാധാരണ രീതിയിലായി വരികയാണ്. ഈ സാഹചര്യത്തിൽ കേസെടുക്കാൻ നിർബന്ധിക്കുന്നത് ശരിയല്ല എന്നാണ് പോലീസുകാർ പറയുന്നത്.പോലീസുകാരുടെ വ്യക്തിഗത ഗ്രൂപ്പുകളിലടക്കം കഴിഞ്ഞ ഏതാനും ദിവസമായി വിഷയം ചർച്ചയാണ്.
പോലീസുകാരുടെ ആത്മവീര്യം പാടെ തകർക്കുന്നതാണ് കമ്മീഷണറുടെ നടപടിയെന്നാണ് വിമർശനം. ക്വാറന്റീമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു. ഈ സാഹചര്യത്തിൽ ക്വാറന്റീൻ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന എ.എസ്.ഐമാർ എടുത്ത കേസുകളുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ശിക്ഷ എങ്ങനെയാണ് നടപ്പാക്കുകയെന്നാണ് പോലീസുകാർ ചോദിക്കുന്നത്.
രണ്ട് മൂന്ന് തവണ മുന്നറിപ്പ് നൽകിയിട്ടും പോലീസുകാർ നടപടി എടുക്കുന്നില്ലെന്നും ഇത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ വീഴ്ചയാണെന്നുമാണ് കമ്മീഷണർ പറയുന്നത്. ഇതിനു മുമ്പ് താക്കീത് നൽകി. എന്നിട്ടും നടപടി സ്വീകരിക്കാൻ വിമുഖത കാണിക്കുന്നു. അതുകൊണ്ടാണ് അവർക്കെതിരേ നടപടി സ്വീകരിക്കുന്നത്. ഇതൊരു ശിക്ഷയായി കാണേണ്ടതില്ലെന്നും വകുപ്പ് തല നടപടിയാണെന്നും സിറ്റി പോലീസ് കമ്മീഷണർ പറയുന്നു.
Content Highlights:Quarantine case: Action against police officers in Kannur