കൊല്ലം
സൂരജിന് വധശിക്ഷ തന്നെ കിട്ടണമെന്ന് പാമ്പുപിടിത്ത വിദഗ്ധൻ വാവ സുരേഷ്. കോടതിയുടെ ഇതുവരെയുള്ള നടപടികളിൽ സന്തോഷമുണ്ടെന്നും കേസിൽ സാക്ഷിയായി ഹാജരായ അദ്ദേഹം പറഞ്ഞു.
സൂരജിന്റെ പറക്കോട്ടെ വീട്ടിലെ രണ്ടാംനിലയിൽവച്ച് 2020 മാർച്ച് മൂന്നിന് ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ വിസ്താരത്തിൽ കോടതി തന്നോട് ചോദിച്ചു. എത്ര തവണ പാമ്പുകടിയേറ്റു, അണലി കടിച്ചാൽ എന്താണ് അനുഭവം? അണലി കടിച്ചിട്ടും ഉത്ര അതറിയാതെ പോയത് എന്തുകൊണ്ടായിരിക്കാം? രണ്ടാമത്തെ നിലയിൽ വച്ച് അണലി കടിച്ചതിൽ എന്താണ് സംശയം തോന്നിയത് ? തുടങ്ങിയവയാണ് ഉന്നയിച്ചത്.
അണലിയുടെ കടിയേറ്റാൽ കടുത്ത വേദനയുണ്ടാകും. എത്ര ഉറക്കത്തിലാണെങ്കിലും അറിയും. അണലി കടിച്ചിട്ടും ഉത്ര ഉണർന്നില്ല എന്നതിനർഥം മയക്കത്തിലായിരിക്കണം എന്നാണ്. അതാണ് കൊലപാതകശ്രമം ആണെന്നതിനുള്ള തെളിവ്. എന്റെ അനുഭവത്തിൽ ഇതുവരെ രണ്ടാമത്തെനിലയിൽനിന്ന് പാമ്പിനെ പിടികൂടേണ്ടിവന്നിട്ടില്ല. മാത്രമല്ല സൂരജിന്റെ വീടുള്ള പ്രദേശത്ത് അണലിയുടെ സാന്നിധ്യമില്ല.
ജനലിൽക്കൂടി മുറിയിലേക്ക് പാമ്പ് കയറിയെന്നായിരുന്നു സൂരജിന്റെ മൊഴി. എന്നാൽ, അവിടെ പാമ്പ് ഇഴഞ്ഞുപോയതിന്റെ പാടുകളില്ലായിരുന്നു. പാമ്പ് കുറേനേരം ഉയരത്തിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ അതിന്റെ ചുണ്ട് ചുവരിൽ ഉരഞ്ഞ് അവിടെ പാമ്പിന്റെ ഉമിനീര് ഉണ്ടാകാനിടയുണ്ട്. അതവിടെ കണ്ടെത്താനായില്ല. ജനലിൽ ആറുമാസത്തിലേറെ പഴക്കമുള്ള പൊടിയുണ്ടായിരുന്നു. അതിലൂടെ പാമ്പ് ഇഴഞ്ഞുപോയാൽ പാടുണ്ടാകും. അതും ഇല്ലായിരുന്നു. ഇതെല്ലാം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നതായും സുരേഷ് പറഞ്ഞു.














