തലശേരി
റോഡ് സുരക്ഷാഭിത്തി നിർമാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ദേഹത്ത് മണ്ണിടിഞ്ഞുവീണു. രണ്ടര മണിക്കൂറോളം മണ്ണിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേന്ന് രക്ഷിച്ചു. ബിഹാർ സ്വദേശി പിങ്കി (36)യാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യുവാവിനെ തലശേരി കോ–-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശേരി റസ്റ്റ് ഹൗസിനു സമീപത്തെ ഹോളിവേ റോഡിൽ സുരക്ഷാഭിത്തി കെട്ടുന്നതിനിടെ തിങ്കളാഴ്ച പകൽ മൂന്നരയ്ക്കാണ് മണ്ണിടിഞ്ഞത്. തലയോളം മണ്ണുമൂടി. പൊതുമരാമത്ത് ഓഫീസിലെ ഡ്രൈവറും തൊഴിലാളികളും ചേർന്ന് കഴുത്തുവരെയുള്ള മണ്ണ് ഉടൻ നീക്കി. മണ്ണിനും കോൺക്രീറ്റ് ഭിത്തിക്കുമിടയിൽ കുടുങ്ങിയ തൊഴിലാളിയെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കോൺക്രീറ്റ് പൊളിച്ച് പുറത്തെടുത്തു.
റോഡിന്റെ സുരക്ഷാഭിത്തിയുടെ അടിഭാഗം കഴിഞ്ഞ ദിവസം വാർത്തിരുന്നു. മുകളിലത്തെ ഭാഗം വാർക്കാനായി ഇരുമ്പുഷീറ്റും കമ്പിയും കെട്ടുന്നതിനിടെയായിരുന്നു മണ്ണിടിച്ചിൽ.