ഷാർജ
സുനിൽ നരെയ്ന് മുന്നിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വീണു. നാല് വിക്കറ്റും 15 പന്തിൽ 26 റണ്ണും നേടി കൊൽക്കത്ത നെെറ്റ്റൈഡേഴ്സിനെ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ രണ്ടാംക്വാളിഫയറിൽ എത്തിച്ചു. ബാംഗ്ലൂരിനെ നാല് വിക്കറ്റിനാണ് കൊൽക്കത്ത മറികടന്നത്. നാളെ ഫെെനലിനായുള്ള പോരാട്ടത്തിൽ കൊൽക്കത്ത ഡൽഹിയെ നേരിടും. സ്കോർ: ബാംഗ്ലൂർ 7–138, കൊൽക്കത്ത 6–139 (19.4).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് തിരിച്ചടിയായിരുന്നു ഫലം. നരെയ്ൻ അവരെ ഒതുക്കി. 33 പന്തിൽ 39 റണ്ണടിച്ച ക്യാപ്റ്റൻ വിരാട് കോഹ്–ലിയാണ് ബാംഗ്ലൂരിന്റെ ടോപ്–സ്കോറർ. ദേവ്ദത്ത് പടിക്കൽ 18 പന്തിൽ 21 റണ്ണടിച്ചു. ഓപ്പണിങ് കൂട്ടുകെട്ടിൽ കോഹ്–ലിയും ദേവ്ദത്തും 49 റൺ നൽകി. എന്നാൽ, പിന്നീട് തകർന്നു. നാലോവറിൽ 21 റൺ വഴങ്ങിയാണ് നരെയ്ൻ നാല് വിക്കറ്റെടുത്തത്.
മറുപടിയിൽ കൊൽക്കത്തയ്ക്കായി ഓപ്പണർമാരായ ശുഭ്മാൻ ഗിൽ 29ഉം വെങ്കിടേഷ് അയ്യർ 26ഉം റണ്ണടിച്ചു. ആദ്യ മൂന്ന് പന്തും സിക്സർ പറത്തിയായിരുന്നു നരെയ്ൻ തുടങ്ങിയത്. അവസാന ഓവറുകളിൽ ചെറുതായി പതറിയെങ്കിലും രണ്ട് പന്തുബാക്കിനിൽക്കേ കൊൽക്കത്ത ജയം കുറിച്ചു.