“ഇടുക്കി ജില്ലയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളതിനാലും നിലവിൽ ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും, മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിലൂടെയുള്ള രാത്രികാല യാത്ര വൈകുന്നേരം 07 മണി മുതൽ രാവിലെ 06 മണി വരെ 11.10.2021 മുതൽ 14.10.2021 വരെ നിരോധിച്ചിരിക്കുന്നു.” ഇടുക്കി ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വിവിധ സ്ഥലങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വ (12.10.2021): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ബുധൻ (13.10.2021): ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
വ്യാഴം (14.10.2021): ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം
വെള്ളി (15.10.2021): പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഏഴ് ജില്ലകളിലാണ് യെലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വ (12.10.2021): തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ബുധൻ (13.10.2021): കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
വ്യാഴം (14.10.2021): പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
വെള്ളി (15.10.2021): എറണാകുളം, ഇടുക്കി, കണ്ണൂര്‍
അതേസമയം കോഴിക്കോട് കൂമ്പാറയിലും അട്ടപ്പാടിയിലും മലവെള്ളപ്പാച്ചിലുണ്ടായി. തിരുവനന്തപുരത്തെ മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പാലോട്, വിതുര മേഖലകളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറിയെന്നാണ് റിപ്പോർട്ട്. അട്ടപ്പാടിയിൽ ചുരത്തിലൂടെ വലിയ തോതിൽ വെള്ളം ഒലിച്ചിറങ്ങിയതിനാൽ ഗതാഗതം തടസപ്പെട്ടു. സൈലന്റ് വാലി വനത്തിൽ ഉരുൾ പൊട്ടിയതായാണ് സംശയിക്കുന്നത്.