ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ഭാഗ്യചിഹ്നം ഇഭ എന്ന പെണ്‍സിംഹം. ടൂര്‍ണമെന്റ് തുടങ്ങാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് ഫിഫ ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്. സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഇഭയിലൂടെ ഫിഫ ലക്ഷ്യമിടുന്നത്.
ഖാസി ഭാഷയില്‍ നിന്നാണ് ഇഭ എന്ന പേര് സ്വീകരിച്ചതെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നല്ല കാഴ്ചപ്പാടുള്ളയാള്‍ എന്നാണ് ഇഭ എന്ന പേരിന്റെ അര്‍ത്ഥം. ഇന്ത്യയിലേയും ലോകമെമ്പാടുമുള്ള പെൺകുട്ടികളേയും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനും അവരുടെ പൂർണ്ണ ശേഷിയിൽ എത്തിക്കുന്നതിനും പ്രചോദനം നല്‍കാനാണ് ഇഭ ആഗ്രഹിക്കുന്നത്.
“വനിതാ ഫുട്ബോളിന് ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ് 2022. 2023 ല്‍ വനിത ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യുവതാരങ്ങള്‍ക്ക് അവരുടെ മികവ് തെളിയിക്കാനുള്ള അവസരമായിരിക്കും ഇന്ത്യയില്‍ ഒരുങ്ങുന്നത്. ആരാധകര്‍ക്കിടയിലെ നിറ സാന്നിധ്യമാകും ഇഭ. കൂടുതല്‍ പെണ്‍കുട്ടികളേയും സ്ത്രീകളേയും കളിയിലേക്ക് എത്തിക്കാന്‍ ഇഭയ്ക്ക് കഴിയും,” ഫിഫയുടെ വനിത ഫുട്ബോള്‍ ചീഫ് സരായ് ബാരെമാൻ പറഞ്ഞു.
2022 ഒക്ടോബര്‍ 11 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ആതിഥേയത്വം വഹിക്കുന്നതിനാല്‍ ഇന്ത്യയും ലോകകപ്പിന്റെ ഭാഗമാണ്. ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ്, മുംബൈ എന്നീ സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. 16 ടീമുകളായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
Also Read: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ലക്ഷ്യമിട്ട് ടോം മൂഡിയും
The post അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി ‘ഇഭ’ appeared first on Indian Express Malayalam.