തിരുവനന്തപുരം> മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുള്ളതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രവർത്തകർ കരുതലോടെ രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുവേണം മഴക്കെടുതികൾ നേരിടാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങാനുമെന്നും കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
അറബിക്കടലിൽ ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. പലസ്ഥലത്തും മഴക്കെടുതികളുണ്ടാകുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-–-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണം. കോവിഡ് മഹാമാരി നിയന്ത്രണവിധേയമാണെങ്കിലും മഴ കൂടി ശക്തമായതോടെ ജനം കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യമാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.