കോഴിക്കോട്> പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പന നടത്തി പണം കണ്ടെത്തുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന് വികസനത്തിലൂടെ മറുപടി നൽകുകയാണ് കേരളമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ ഓഹരി വിൽപ്പനയിൽ തുടങ്ങി സ്ഥാപനം മൊത്തത്തിൽ കോർപറേറ്റുകൾക്ക് തീറെഴുതുന്ന അവസ്ഥയിലാണ് രാജ്യം.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന ആറു ലക്ഷം കോടികൊണ്ട് ഇന്ത്യയിൽ അടിസ്ഥാന വികസനം നടപ്പാക്കുമെന്ന് മോദി സർക്കാർ പറയുന്നുണ്ടെങ്കിലും നടക്കുന്നത് കോർപറേറ്റുകളുടെ വികസനം മാത്രമാണ്. കേരളത്തിലാവട്ടെ ജനകീയ പദ്ധതികളിലൂടെ പൊതുമേഖല ശക്തിപ്പെടുത്തി ജനങ്ങളുടെ ജീവിത നിലവാരം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെയും സംഘടനകളുടെയും ഇടപെടലുകൾ ഉള്ളതുകൊണ്ടാണ് കേരളത്തിൽ കേന്ദ്രസ്ഥാപനങ്ങളുടെ വിൽപ്പന നടക്കാത്തത്.
ഇത്തരം എതിർപ്പുകളെ നേരിടാൻ കോടതിയെപ്പോലും കേന്ദ്രം ഉപയോഗപ്പെടുത്തുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവള വിൽപ്പനയിൽ സംഭവിച്ചത്. തലതിരിഞ്ഞ കേന്ദ്ര നയത്തിൽ പ്രയാസമനുഭവിക്കുന്ന ജനവിഭാഗങ്ങളും തൊഴിലാളികളും രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സമരം ചെയ്യുന്നുണ്ട്. എന്നാൽ പ്രതിഷേധക്കാർ യോജിക്കാതിരിക്കാൻ വർഗീയത ആയുധമാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. പൊതുമേഖലയിൽ പോലും സാധാരണക്കാരന് പാട്ടം കൊടുക്കേണ്ട ഗതികേടിലാണ് രാജ്യം.
ഇത്തരം അന്യായങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും എളമരം കരീം പറഞ്ഞു.