തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തുവരാനിരിക്കെ കോൺഗ്രസിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തി. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പുറത്തുവിട്ടപ്പോൾ ഉയർന്ന അതേ ആരോപണമാണ് മുതിർന്ന നേതാക്കൾ കെ.പി.സി.സി പട്ടിക പുറത്ത് വരാനിരിക്കെയും ഉന്നയിക്കുന്നത്. മുൻ കെ.പി.സി.സി അധ്യക്ഷൻമാരായ വി.എം സുധീരൻ, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ഒരു ചർച്ചയും നടത്തിയില്ലെന്നാണ് ആരോപണം.
പട്ടികയിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് പോലും അറിയില്ലെന്നും ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നുമാണ് പരസ്യമായല്ലെങ്കിലുംനേതാക്കൾ ഉന്നയിക്കുന്ന ആരോപണം. 51 അംഗ കമ്മിറ്റിയെയാണ് പ്രഖ്യാപിക്കുകയെന്നാണ് വിവരം. ഇന്നോ നാളെയോ പട്ടിക പുറത്ത് വിട്ടേക്കും. വനിതകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. ഈ പട്ടികയിൽ ആരൊക്കെയാണ് ഉൾപ്പെട്ടതെന്ന് അറിയില്ലെന്നാണ് ഇപ്പോൾ മുതിർന്ന നേതാക്കൾ പറയുന്നത്.
രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നീ മുതിർന്ന നേതാക്കളുമായി ആദ്യഘട്ടത്തിൽ ചർച്ച നടത്തിയിരുന്നു. ഒരു തവണ കൂടി ചർച്ചയുണ്ടാകുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ലെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിന്റെ സാന്നിധ്യത്തിലാണ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയത്. അന്തിമ പട്ടികയ്ക്ക് മുൻപ് ഒരു ചർച്ച കൂടി ഉണ്ടാകുമെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതീക്ഷ പങ്കുവെച്ചിരുന്നത്.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പട്ടിക ഹൈകമാൻഡിന് അംഗീകാരത്തിനായി കൈമാറിയ ശേഷം അന്തിമ പട്ടിക പുറത്തുവരുമ്പോൾ നേതാക്കളുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
Content Highlights: senior leaders unhappy with not discussing about the office bearers list