തിരുവനന്തപുരം > അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ മലയാളിക്ക് സമ്മാനിച്ച നടൻ നെടുമുടി വേണു (73) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പകൽ 1:30 ഓടെയായിരുന്നു അന്ത്യം. ഭാര്യ: സുശീല. മക്കൾ: ഉണ്ണി, കണ്ണൻ.
ആലപ്പുഴ നെടുമുടിയിൽ അധ്യാപക ദമ്പതികളായ പി കെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് ജനനം. കൊട്ടാരം എൻഎസ് യുപി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂൾ, ആലപ്പുഴ എസ്ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലത്തെ മൃദംഗത്തോടും ഘടത്തോടും ഇഷ്ടം കൂടി. അഭിനയവും ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായി.
നാടകാചാര്യൻ കാവാലം നാരായണപണിക്കരെ പരിചയപ്പെട്ടത് വഴിത്തിരിവായി. തുടർന്ന് കാവാലത്തിന്റെ തിരുവരങ്ങിൽ. കാവാലത്തിനൊപ്പം ആദ്യം ചെയ്ത നാടകം ‘എനിക്ക് ശേഷം. തുടർന്ന് ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ സമൂഹ ശ്രദ്ധയാകർഷിച്ച നിരവധി നാടകങ്ങകളിൽ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. ഇടക്കാലത്ത് പാരലൽ കോളേജ് അധ്യാപകനും മാധ്യമപ്രവർത്തകനുമായി. ഭരതന്റെ തമ്പിലൂടെ സിനിമയിലേക്ക്. തുടർന്നിങ്ങോട്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നിരവധി കഥാപാത്രങ്ങൾ. ഇന്ത്യൻ, അന്യൻ ഉൾപ്പെടെ തമിഴ്ചിത്രങ്ങളിലും വേഷമിട്ടു. പൂരം” സിനിമ സംവിധാനം ചെയ്തു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതി.
1990-മികച്ച സഹനടനുള്ള ദേശീയ അവാർഡ്, 2003-ൽ ദേശീയഅവാർഡിൽ പ്രത്യേക പരാമർശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്കാരത്തിനും അർഹനായി. മാർഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ പുരസ്കാരം ലഭിച്ചു.