തിരുവനന്തപുരം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചെമ്പോല യഥാർഥമാണെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ല. ബെഹ്റ അവിടെ സന്ദർശിച്ചതിന് ശേഷമുണ്ടായ സംശയത്തെ തുടർന്നാണ് ഇന്റലിജൻസിനോട് ഇക്കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ എൻഫോഴ്സ്മെന്റിനോട് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിൽ അന്വേഷണം ഗൗരവമായി നടക്കുകയാണ്. അന്വേഷണത്തിൽ ആക്ഷേപകമായ ഒരുകാര്യവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കേസന്വേഷണം നടക്കട്ട, ആദ്യമേ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ നിൽക്കണ്ടെന്നുംമോൻസൻ വിഷയത്തിൽ പ്രതിപക്ഷ നിരയിലെ എംഎൽഎമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ കൊക്കൂൺ കോൺഫറൻസിൽ മോൻസൻ പങ്കെടുത്തതായി അറിവില്ല. പുരാവസ്തുക്കൾക്ക് സംരക്ഷണം നൽകിയത് അന്വേഷിക്കുമെന്നും തെറ്റ് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights:sabarimala chempola is faek says cm pinarayi vijayan